
കവരത്തി: ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ, തന്ത്രപ്രധാന ഏജൻസികൾക്ക് കൈമാറുന്നതിനായാണ് ഈ ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ലക്ഷദ്വിപ് ഭരണകൂടം പറയുന്നത്. ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം, ദേശീയ സുരക്ഷാ പ്രാധാന്യം, സിവിൽ വാസവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കൽ, ഭരണപരമായ വെല്ലുവിളികൾ എന്നിവയാണ് ഈ നീക്കത്തിന് പിന്നിൽ.
ലക്ഷദ്വീപ് ഭരണകൂടത്തിലെ റവന്യൂ വിഭാഗമാണ് ഭൂമി ഏറ്റെടുക്കൽ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. 2013-ലെ ‘ദി റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട്’ പ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം നടത്തും.
ഏകദേശം 91,700 ചതുരശ്ര മീറ്റർ സ്ഥലമാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും ഉൾപ്പെടുന്നു. ഭൂവുടമകളുടെയും ഗ്രാമസഭകളുടെയും അനുമതി നിർബന്ധമില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
സോഷ്യൽ ഇംപാക്ട് അസസ്മെന്റ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്:
* ഗ്രാമസഭ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായി കൂടിയാലോചനകൾ നടത്തും.
* ലക്ഷദ്വീപ് സോഷ്യൽ ഇംപാക്ട് അസസ്മെന്റ് & കൺസന്റ് സൊസൈറ്റി (SIACS) രണ്ട് മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കും.
* SIA യൂണിറ്റ് പബ്ലിക് ഹിയറിംഗിനുള്ള സമയവും സ്ഥലവും തീരുമാനിക്കും.
* SIA റിപ്പോർട്ടും സോഷ്യൽ ഇംപാക്ട് മാനേജ്മെന്റ് പ്ലാനും വിജ്ഞാപനം പുറത്തിറക്കി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി കളക്ടറേറ്റിന്റെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെയും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.
ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ ഈ നടപടികൾ അസാധുവാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റിന്റെ കാര്യാലയവുമായി ബന്ധപ്പെടാം. ഓഫീസ് ഓഫ് ദി എസ്.ഐ.എ യൂണിറ്റ്, SIACS (എൻവയോൺമെന്റ് & ഫോറസ്റ്റ്), കവരത്തി, ലക്ഷദ്വീപ്-682555. ഫോൺ നമ്പർ: 04896262592.
കളക്ടർ (എൽ.എ) ശിവം ചന്ദ്ര, ഐ.എ.എസ് ആണ് ഈ വിജ്ഞാപനം പുറത്തിറക്കിയത്.
അതേസമയം ബിത്രയിലെ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടമാവുന്ന ഭൂമി ഏറ്റെടുൽ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് ലക്ഷദ്വിപിലെ പ്രഭല രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും, എൻ.സി.പി(എസ്.പി)യും അറിയിച്ചു. അഡ്വ. ഹംദുള്ളാ സഈദ് എം.പി, എൻ.സി.പി(എസ്.പി) സംസ്ഥാന അധ്യക്ഷൻ കോയ അറഫാ മിറാജ് എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ബിത്ര ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ശക്തമായ പ്രതികരണങ്ങൾ നടത്തി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂ ഉടമകൾ ആരും തന്നെ സമ്മതപത്രത്തിൽ ഒപ്പുവെക്കരുത് എന്ന് അഡ്വ അറഫാ ആവശ്യപ്പെട്ടു. ബിത്രയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ലക്ഷദ്വിപ് ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
