
മുംബൈ: ലക്ഷദ്വീപ് സി എന്ന കപ്പലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായതായി കാണിച്ച് എൻ വൈ സി സംസ്ഥാന സെക്രട്ടറി മഹദാ ഹുസൈൻ ഡി.ജി ഷിപ്പിംഗിന് നൽകിയ പരാതി ശരിവെച്ച് ഡി.ജി ഷിപ്പിംഗ്. മഹദാ ഹുസൈന്റെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു ലക്ഷദ്വീപ് എംപി ഹംദുള്ളാ സഈദിന്റെ വാദം. പക്ഷെ കപ്പലിൽ ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡിജി ഷിപ്പിംഗ്.
ഡ്രൈ ഡോക്കിനു ശേഷം വീണ്ടും ഓടിത്തുടങ്ങിയ എം.വി ലക്ഷദ്വീപ് സീ എന്ന കപ്പലിലെ ഷെൽ ഡോറിലൂടെ ജലചോർച്ചയുണ്ടായതിനെ തുടർന്ന് മഹദാ ഹുസൈൻ നൽകിയ പരാതിയിൽ ഡി.ജി ഷിപ്പിംഗ് നടപടി സ്വീകരിച്ചു. ജൂൺ 19-നാണ് മഹദാ ഹുസൈൻ നൽകിയ പരാതിയിലെ ചോർച്ചയെക്കുറിച്ചുള്ള പരാതി ഗൗരവത്തോടെ പരിഗണിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വിശദമായ അന്വേഷണത്തിന് ശേഷം മറുപടി നൽകിയത്. കൂടാതെ സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും, ജീവനക്കാർ, സർവേയർമാർ തുടങ്ങിയവരുടെയും ഉത്തരവാദിത്തം വ്യക്തമാക്കാനുള്ള അന്വേഷണവും ആവശ്യപ്പെട്ടു.
പരാതി ലഭിച്ചതിനു ശേഷം ലഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്ന് മറുപടി തേടുകയും, കൊച്ചി MMD യെ ഫാക്റ്റ് ഫൈൻഡിങ് അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. അന്വേഷിച്ച റിപ്പോർട്ട് പ്രകാരം ഷെൽഡോറിലൂടെ ജലചോർച്ച സംഭവിച്ചതായും അതിനോട് അനുബന്ധിച്ച പരിഹാര നടപടി കൈക്കൊണ്ടതായും ഡി.ജി ഷിപ്പിംഗ് നൽകിയ മറുപടിയിൽ അറിയിച്ചു.
നാവിക സുരക്ഷക്ക് പ്രധാനം നൽകി ഈ വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കപ്പെടുമെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുന്നുവെന്നും ഡി.ജി ഷിപ്പിംഗ് നാവിക വിഭാഗം എക്സിക്യൂട്ടീവ് ഓഫിസർ മഹദാ ഹുസൈന് നൽകിയ മറുപടി കത്തിൽ പറഞ്ഞു.
