
ന്യൂഡൽഹി: ജനങ്ങളെ കേൾക്കാതെയും, ജനവികാരം പരിഗണിക്കാതെയുമുള്ള ലക്ഷദ്വീപ് ഭരണത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻ.സി.പി(എസ്.പി) നേതാവും എം.പിയുമായ സുപ്രിയ സുലെ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളില്ലാത്ത ഒറ്റയാൾ ഭരണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിനും കത്തയച്ചു. ജനാധിപത്യത്തെ കാറ്റിൽ പറത്തി നടത്തുന്ന ഭരണം ലക്ഷദ്വീപ് നിവാസികളുടെ ജീവിതത്തെയും ഭാവിയെയും നേരിട്ട് ബാധിക്കുമെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിയമസഭയില്ലാത്തതിനാൽ രാഷ്ട്രപതി നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ഭരണം നടത്തുന്നത്. 1956 മുതൽ 2016 വരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥരാണ് അഡ്മിനിസ്ട്രേറ്റർമാരായി സേവനമനുഷ്ഠിച്ചിരുന്നത്. ഇവർ ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി/അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി പറയാൻ ബാധ്യസ്ഥരായിരുന്നു.
നിലവിൽ, അഡ്മിനിസ്ട്രേറ്ററുടെ ഉപദേശക സമിതിയും മറ്റ് അധികാര സമിതികളും മരവിപ്പിച്ച അവസ്ഥയിലാണ്. പ്രാഥമിക ജനാധിപത്യ സംവിധാനങ്ങളായ പഞ്ചായത്തുകളുടെ കാലാവധി അവസാനിച്ചത് 2022 ജനുവരിയിലാണ്. പഞ്ചായത്തിനായി പുതിയ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ (PRI) തിരഞ്ഞെടുപ്പ് നടത്താതെ ലക്ഷദ്വിപ് ഭരണകൂടം നീട്ടി കൊണ്ട് പോവുകയാണ് എന്ന് സുപ്രിയ സുലെ പറയുന്നു.
പുതിയ നിയമത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ദ്വീപുകളുടെ കൃത്രിമമായ വിഭജനമാണ്. ആൾതാമസമില്ലാത്ത ദ്വീപുകളിൽ തദ്ദേശീയർക്ക് ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പുകൾ, കുടിലുകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നുണ്ട്.
ഇത്തരം ദ്വീപുകൾ പിടിച്ചെടുക്കാനുള്ള നിയമഭേദഗതിക്കെതിരായ കേസുകൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സുപ്രിയ സുലെ അറിയിച്ചു. കേന്ദ്ര ഭരണത്തിലും വിവിധ മന്ത്രാലയങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമ്പോഴും, ലക്ഷദ്വീപ് പോലുള്ള സമൂഹങ്ങളിൽ ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അവർ കത്തിൽ ഊന്നിപ്പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന അഭ്യർത്ഥനയോടെയാണ് സുപ്രിയ സുലെ കത്ത് അവസാനിപ്പിക്കുന്നത്.
