മിനിക്കോയ്: മിനിക്കോയ് ദ്വീപിലെ മാലിന്യ കൂമ്പാരത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതായും ഇത് പൊതുജനാരോഗ്യത്തിനു ഭീഷണി ഉണ്ടാക്കുന്നതായും പരാതി. സാമൂഹ്യ പ്രവർത്തകൻ മഹദാ ഹുസൈനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിഷയത്തെ സംബന്ധിച്ച് കത്തയച്ചത്.

ജൂലൈ 1-നാണ് മിനിക്കോയി ദ്വീപിലെ കോഡി ബീച്ചിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീ പിടുത്തം ഉണ്ടായത്. വൈകുന്നേരം 3.30ഓടെ പടർന്ന തീ ഇതുവരെ അണയ്ക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. മാലിന്യ കൂമ്പാരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിഷമയമായ പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു എന്നും ഇത് മൂലം പൊതു ജനാരോഗ്യം പ്രതിസന്ധിയിലാകുന്നു എന്നും മഹദാ ഹുസൈൻ പറഞ്ഞു. ഇതിലൂടെ ദ്വീപിന്റെ പരിസ്ഥിതിക്ക് ദൂരവ്യാപകമായ ആഘാതം ഉണ്ടാകുമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

തീപിടുത്തം പതിവ് സംഭവമാകുന്നത് ദ്വീപിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തകർന്നതിന്റെ തെളിവാണെന്നും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ അഭാവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥ മാറ്റ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലിനായി പരാതി നൽകിയ മഹദ ഹുസൈൻ, ലക്ഷദ്വീപ് പരിസ്ഥിതി വകുപ്പ് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here