
കവരത്തി: അന്തർദേശീയ സഹകരണ ദിനാഘോഷങ്ങളുടെ ഭാഗമായി കവരത്തി കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹകരണ ദിനം ആഘോഷിച്ചു. പരിപാടി സൊസൈറ്റി പ്രസിഡന്റ് സി.സലീം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 2025 ഐക്യരാഷ്ട്രസഭ സഹകരണ അന്തർദേശീയ വർഷമായി ആചരിക്കുകയാണ്. “മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാൻ സഹകരണം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സഹകരണ ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുന്നത്. സഹകരണ മേഖല കൂടുതൽ ശക്തമാക്കുന്നതിന് വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് പ്രസിഡന്റ് സി സലീം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. സെക്രട്ടറി ടി. ചെറിയകോയ സ്വാഗതം ആശംസിച്ചു. മെമ്പർമാരായ പി.ഐ ഖാലിദ്, എ. ഐശബി, കെ. എം കമറുന്നിസ, ജീവനക്കാരുടെ പ്രതിനിധികളായ ബഷീർ കെ.പി, ഹസ്സൻ. കെ, ഫാറൂഖ് കെ.പി എന്നിവർ സംസാരിച്ചു.
