
കൊച്ചി: ശബ്നാ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ഒൻപത് പ്രതികളെയും സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. സീ ഫോറം ദുരുപയോഗം ചെയ്ത് സാധനങ്ങൾ മറിച്ചു വിറ്റു എന്ന കേസിൽ കഴമ്പില്ല എന്നാണ് സി.ബി.ഐ കോടതി ഉത്തരവിട്ടത്. മുൻ എം.പി പി.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെ ഒൻപത് പ്രതികളെയും കുറ്റവിമുക്തരാക്കി കൊണ്ടാണ് ഉത്തരവ്.
സീ ഫോറം ഉപയോഗിച്ച് ലക്ഷദ്വിപിൽ വിൽക്കേണ്ട സാധനങ്ങൾ ലക്ഷദ്വിപിൽ എത്തിക്കാതെ വൻകരയിൽ പല സ്ഥലങ്ങളിലായി മറിച്ചു വിറ്റു എന്നും ഇതുവഴി പ്രതികൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നുമായിരുന്നു കേസ്. കേസിൽ ഒൻപതാം പ്രതിയായിരുന്നു മുഹമ്മദ് ഫൈസൽ. 2009-ൽ സി.ബി.ഐ കേരളത്തിൽ രജിസ്റ്റർ ചെയ്തതാണ് പ്രസ്തുത കേസ്. ശബ്നാ എന്റർപ്രൈസസ് എന്ന സ്ഥാപനം സീ ഫോറം ഉപയോഗിച്ച് ലക്ഷദ്വിപിൽ വിൽക്കേണ്ട സാധനങ്ങൾ വൻകരയിൽ മറിച്ചു വിറ്റു എന്ന സി.ബി.ഐ വാദം നിലനിൽക്കില്ല എന്നും, സി.ബി.ഐക്ക് തങ്ങളുടെ വാദം തെളിയിക്കാനായില്ല എന്നും കോടതി വ്യക്തമാക്കി.
