
അമിനി: സർക്കാർ ഭൂമിയിൽ നടത്തിയ നിർമ്മാണം പൊളിച്ചു നീക്കണം എന്ന് കാണിച്ച് അമിനി ദ്വീപ് സ്വദേശി ആശാരോട പൂക്കുഞ്ഞി എന്നയാൾക്ക് സർക്കാർ നൽകിയ നോട്ടീസിൽ അദ്ദേഹം സ്വമേധയാ പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ റവന്യൂ വകുപ്പ് പൊളിച്ചു നീക്കാൻ നടത്തിയ നീക്കം താത്കാലികമായി നിർത്തിവെച്ചു. അമിനി ദ്വീപിന്റെ തെക്കുഭാഗത്ത് ഗവൺമെന്റ് റസ്റ്റ് ഹൗസിന് സമീപമുള്ള ആശാരോട പൂക്കുഞ്ഞിയുടെ വീടിന്റെ 15 ചതുരശ്ര മീറ്റർ വരുന്ന ഭാഗം സർക്കാർ ഭൂമിയിലാണ് എന്ന് കാണിച്ചാണ് അദ്ദേഹത്തിന് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നത്.
നോട്ടീസിനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കുകയോ കയ്യേറിയ സ്ഥലത്തെ നിർമാണം സ്വമേധയാ പൊളിച്ചു നീക്കാൻ തയ്യാറാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ റവന്യൂ വകുപ്പ് പ്രസ്തുത നിർമ്മാണം പൊളിച്ചു നീക്കും എന്ന് അറിയിച്ചിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള പൂക്കുഞ്ഞിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതോടെ വീടിന്റെ 20 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പ്രതിഷേധത്തിൽ സ്ത്രീകൾ കൂട്ടത്തോടെ എത്തിതോടെ അവരെ നിയന്ത്രിക്കാനുള്ള വനിതാ പൊലീസിന്റെ അംഗസംഖ്യ ഇല്ലാത്ത സാഹചര്യം കൂടി പരിഗണിച്ച് പൊളിച്ചു നീക്കൽ നടപടികൾ ഇന്നത്തേക്ക് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കൂടുതൽ സേനയെയും വനിതാ പൊലീസിനെയും കവരത്തിയിൽ നിന്നും എത്തിച്ച് പൊളിച്ചു നീക്കൽ നടപടികൾ നാളെ പുനരാരംഭിക്കും എന്നാണ് അറിയുന്നത്. അതേസമയം സർക്കാർ ഭൂമിയിൽ എന്ന് പറയപ്പെടുന്ന നിർദ്ദിഷ്ട നിർമ്മാണം പൂക്കുഞ്ഞിയുടെ കുടുംബം സ്വമേധയാ പൊളിച്ചു നീക്കി സംഘർഷാവസ്ഥ ഒഴിവാക്കിയേക്കും എന്ന വിവരവും പുറത്തുവരുന്നുണ്ട്.
