
കവരത്തി: ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കിൽത്താനിൽ പുതുതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (PHC) ഗ്രൗണ്ട് ഫ്ലോർ നിർമിക്കാൻ നടപടികൾ ആരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വേണ്ട വിവിധ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ലക്ഷദ്വീപ് എം.പി അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദ് ഈ പദ്ധതിയുടെ ശുപാർശ നൽകിയിരിക്കുന്നത്.
പദ്ധതിയുടെ ചെലവായി ഏകദേശം ₹2,00,00,000 രൂപ ചെലവാകുമെന്ന് Lakshadweep Planning, Statistics & Taxation വിഭാഗം കണക്കാക്കിയിട്ടുണ്ട്.
പുരുഷമാർക്കും സ്ത്രീകൾക്കും ബാത്ത്റൂം സൗകര്യങ്ങൾ ഉൾപ്പെടെ ഉൾക്കൊള്ളുന്ന പ്രത്യേക വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, ഫാർമസി (സ്റ്റോറൂമോടുകൂടി), ഡോക്ടർമാരുടെ റൂമുകൾ (പുരുഷൻമാരുടെയും സ്ത്രീകളുടേയും), ഡ്രസിംഗ് റൂമുകൾ, ഐ.സി.യു, കാഷ്വൽറ്റി റൂം, ഡെന്റൽ ചികിത്സാ സൗകര്യങ്ങൾ, പൊതു ബാത്ത്റൂമുകൾ എന്നീ സൗകര്യങ്ങളോടെയുള്ള വിശാലമായ കെട്ടിടമാവും നിർമിക്കുക. ഇത് കിൽത്താൻ ദ്വീപിലെ ആരോഗ്യ മേഖലയ്ക്ക് വലിയ മുന്നേറ്റമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
