
കൊച്ചി: സ്കൂൾ അടച്ചു പൂട്ടൽ, ബദൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ നടപടികൾ, ത്രിഭാഷാ നയം നടപ്പാക്കൽ, മലയാളം മീഡിയം നിർത്തലാക്കാനുള്ള അപ്രഖ്യാപിത നീക്കം തുടങ്ങി ലക്ഷദ്വിപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് എൽ.എസ്.എ അധ്യക്ഷൻ മിസ്ബാഹുദ്ദീൻ. ലക്ഷദ്വീപിലെ മറ്റു മേഖലകളിലേത് എന്ന പോലെ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെയും ഉത്തരവാദി ലക്ഷദ്വിപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന്റെ ജനവിരുദ്ധ സമീപനമാണെന്ന് എൽ.എസ്.എ അധ്യക്ഷൻ മിസ്ബാഹുദ്ദീൻ പറഞ്ഞു.
പട്ടേൽ ലക്ഷദ്വിപിന്റെ ചുമതല ഏറ്റെടുത്തത് മുതലാണ് ലക്ഷദ്വിപിലെ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് തുടക്കമായത്. അന്നു മുതൽ ഇന്നുവരെ പട്ടേലാണ് നമ്മുടെ ശത്രു എന്ന് എൽ.എസ്.എ ഉറക്കെ പറഞ്ഞിട്ടുണ്ട്. ജനപ്രതിനിധി മാറിയെങ്കിലും പട്ടേലാണ് ശത്രുവെന്ന നിലപാടിൽ ഒരു മാറ്റവുമില്ല എന്ന് മിസ്ബാഹുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ ആവശ്യമായ സമര പരിപാടികൾക്ക് എൽ.എസ്.എ നേതൃത്വം നൽകും. ലക്ഷദ്വീപിലെ എല്ലാ അനീതിക്കെതിരെയും കാലത്തിന് അനുയോജ്യമായ രൂപത്തിൽ എല്ലാ കാലത്തും സമര മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് എൽ.എസ്.എ. നിലവിലെ ജനപ്രതിനിധിയുടെ ശബ്ദം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നും എൽ.എസ്.എയുടെ നഷ്ടപ്പെട്ടിട്ടില്ല എന്നും, ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
















