
കവരത്തി: പുത്തൻ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ച് ലക്ഷദ്വീപ് റോഡ് ട്രാൻസ്പോർട്ട് വകുപ്പ്. 2025 ലെ വാഹന നയ കരടിലൂടെ പൊതു ജനങ്ങൾക്ക് രജിസ്റ്റേഡ് പോസ്റ്റിലൂടെയും ഇമെയിൽ വഴിയും അഭിപ്രായങ്ങൾ സമർപ്പിക്കാം. മാർച്ച് 14 വരെയാണ് അഭിപ്രായങ്ങൾ സമർപ്പിക്കാൻ സാധിക്കുക.
ദ്വീപിലെ ഗതാഗത മേഖലയെ കാർബൺ-ന്യൂട്രലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം ട്രാൻസ്പോർട് വകുപ്പ് ഇറക്കിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ ഒന്നുമുതൽ നിശ്ചിത വിഭാഗങ്ങളിൽ 100% ഇലക്ട്രിക് വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്യാനാണ് പദ്ധതി. കൂടാതെ എല്ലാ ദ്വീപുകളിലും ചാർജിംഗ് സ്റ്റേഷനുകൾ, ഇ-വാഹനങ്ങൾക്ക് സബ്സിഡി, മറ്റു സാമ്പത്തിക പ്രോത്സാഹനങ്ങൾ എന്നിവയും നൽകും. ICE വാഹനങ്ങൾ ക്രമാനുസൃതമായി ഒഴിവാക്കി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ട്രാൻസ്പോർട്ട് ചെലവിൽ സബ്സിഡി,റിട്രോഫിറ്റിംഗിനുള്ള സാമ്പത്തിക സഹായങ്ങൾ, സോളാർ പവർ ചാർജിംഗ് സ്റ്റേഷനുകൾക്ക് സർക്കാർ പിന്തുണ എന്നിവ നൽകുന്നതിലൂടെ സുസ്ഥിര ഗതാഗത പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ ദ്വീപ് റോഡ് ട്രാൻസ്പോർട് വകുപ്പിന്റെ ഉദ്ദേശം.
പുത്തൻ നയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രാബല്യവത്കരണത്തിനുമായി റോഡ് ട്രാൻസ്പോർട്ട് വകുപ്പ് നോഡൽ ഏജൻസിയായി പ്രവർത്തിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ജനങ്ങൾ ഏറ്റെടുക്കുന്നതിനായി ബോധ വത്കരണ പരിപാടികൾ നടത്തുമെന്നും ട്രാൻസ്പോർട് അധികൃതർ വ്യക്തമാക്കി.
