
കൊച്ചി: ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കായി നിയമ പഠന യാത്ര സംഘടിപ്പിച്ച് ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടു കൂടെയാണ് വിദ്യാർത്ഥികൾക്കായി കൊച്ചിയിലേക്ക് ഏഴുദിവസം നീണ്ടുനിൽക്കുന്ന പഠനയാത്ര സംഘടിപ്പിച്ചത്. കേരള ഹൈകോടതിയിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സംവാദ പരിപാടിയാണ് പഠന യാത്രയുടെ ലക്ഷ്യം.
ദ്വീപ് വിദ്യാർത്ഥികളെ കൂടാതെ സംവാദത്തിൽ വയനാട്ടിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികളും പങ്കെടുക്കും. സംവാദ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ ഇന്ത്യൻ നിയമ സംവിധാനം, അവയുടെ നിയമ പ്രവർത്തനരീതികൾ എന്നിവയെ കൂടുതൽ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് കഴിയും. ജില്ലാ ജഡ്ജിയായ ജൂബിയ,ലക്ഷദ്വീപ് ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ചെറിയ കോയ, ലക്ഷ ദ്വീപ് സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വക്കേറ്റ് ശ്രീകല, ഡി. ഡി ശ്രീ ജമാൽ എന്നിവർ ചേർന്ന് വെസ്സൽ മാർഗം കൊച്ചി വില്ലിംഗ് ട്ടൺ ഐലൻ്റിൽ ഇറങ്ങിയ വിദ്യാത്ഥികളെയും അദ്ധ്യാപകരേയും സ്വീകരിച്ചു.
ക്യാച്ച് ദെം യങ്, വാച്ച് ദെം ഗ്രോ” എന്നതാണ് ഹൈകോടതിയുടെ സംവാദ പരിപാടിയുടെ മുഖ്യ ദൗത്യം . കൂടാതെ വിദ്യാർത്ഥികളിൽ മൂല്ല്യാധിഷ്ഠിത പൗരബോധം വളർത്തിയെടുക്കുക, അഴിമതിക്കും തെറ്റായ പ്രവണതകൾക്കുമെതിരെ പ്രതിരോധശേഷി വളർത്തുക, ചുമതലയുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ഗാന്ധിനഗർ ഗസ്റ്റ് ഹൗസിലാണ് വിദ്യാർത്ഥികൾക്കായുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ഡിസ്ട്രിക്ട് ജഡ്ജ് അനിൽ ഭാസ്കർ വിദ്യാർത്ഥികൾക്കായി തുടർ പരിപാടികളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പരിപാടിയിൽ കേരളാ ഹൈക്കോടതിയിലെ ഉന്നത ജഡ്ജിമാരോട് നേരിൽ സംവദിക്കാനുള്ള അവസരവും നിയമ,സാമൂഹ്യ, മനശാസ്ത്ര മേഖലകളിലെ വിദഗ്ദ്ധരുടെ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരവും വിദ്യാത്ഥികൾക്ക് ലഭിക്കും. പഠനയാത്രയുടെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ള ഫോർട്ട് കൊച്ചി, ത്രിപ്പുണിത്തറ ഹിൽപ്പാലസ് എന്നീ സ്ഥലങ്ങളും വാട്ടർ മെട്രോയും സന്ദർശിച്ചാണ് വിദ്യാർത്ഥികളും അധ്യാപകരും മടങ്ങുക.
