ഉത്തരാഖണ്ഡ്: ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളാ നെറ്റ് ബാൾ ഫാസ്റ്റ് ഫൈവ് ടീം പരിശീലകനായി ആന്ത്രോത്ത് ദ്വീപ് സ്വദേശി ഇഹ്ത്തിഷാം ഖുറൈശി. ദീർഘ നാളായി നെറ്റ് ബാൾ രംഗത്ത് പ്രവർത്തിക്കുന്ന ഇഹ്ത്തിഷാം ഖുറൈശി നിലവിൽ കൊരട്ടി നൈപുണ്യ കോളേജിലെ കോച്ചായി സേവനമനുഷ്ഠിച്ച് വരികയാണ്. കഴിഞ്ഞ വർഷം നടന്ന അന്തർ സർവകലാശാല വുമൺസ് നെറ്റ്ബാൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് സർവകലാശാല ടീമിന്റെ പരിശീലകനായിരുന്നു ഇഹ്ത്തിഷാം ഖുറൈശി.
2009-ൽ ആണ് കേരളത്തിൽ ആദ്യമായി നെറ്റ്ബാൾ ആരംഭിക്കുന്നത്. 2015-ൽ കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. അതേവർഷം കേരളത്തിൽ വെച്ച് നടന്ന 35-ആമത് ദേശീയ ഗെയിംസിൽ വെങ്കല മെഡൽ നേട്ടത്തോടെ കേരളാ ടീം അവരുടെ വരവറിയിച്ചു. തുടർന്ന് കഴിഞ്ഞ ഒൻപത് വർഷത്തോളമായി സബ്ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറികളിൽ കേരള ടീം മെഡലുകൾ നിലനിർത്തി. ചുരുങ്ങിയ 8 വർഷത്തിനിടെ 5 അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുക്കാൻ കേരളത്തിന് സാധിച്ചു.
2015 മുതൽ തന്നെ കേരളാ നെറ്റ്ബാൾ ടീമിന്റെ ഓരോ നേട്ടത്തിനു പിന്നിലും ആന്ത്രോത്ത് ദ്വീപുകാരനായ ഇഹ്ത്തിഷാം ഖുറൈശി എന്ന കോച്ചിന്റെ പരിശ്രമങ്ങളുണ്ട്. 2016 മുതൽ കാലിക്കറ്റ് സർവകലാശാല നെറ്റ്ബാൾ ടീമിന്റെ പരിശീലകനാണ്. കൊരട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന നൈപുണ്യ കോളേജിലെ കോച്ചായി സേവനമനുഷ്ഠിക്കുന്ന ഇഹ്ത്തിഷാം ഖുറൈശിയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലും കേരളത്തിന്റെ പരിശീലകനായി എത്തിയത്. മേരിൻ ആണ് ടീമിന്റെ ചീഫ് കോച്ച്. ടീം മാനേജരായി ജൂഡ് ആന്റണിയുമുണ്ട്. റിജാസ്, ജിതിൻ, രാഹുൽ, ഹംസ, ജോസ്മോൻ, അഖിൽ, എഡ്വിൻ, കെവിൻ, സാം, ഗോകുൽ എന്നിവരാണ് ഇക്കുറി കേരളത്തിനായി ജെഴ്സിയണിയുന്നത്.