
കവരത്തി: ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് എല്ലാ ദ്വീപുകളിലും പന്തം കൊളുത്തി പ്രതിഷേധം നടത്താൻ എൻ.സി.പി (എസ്.പി) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതികരിക്കാൻ തയ്യാറാവാതെ ലക്ഷദ്വീപ് എം.പി ഭരണകൂടത്തോടൊപ്പം ചേർന്ന് ലക്ഷദ്വീപിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എൻ.സി.പി (എസ്.പി) യൂണിറ്റ് കമ്മിറ്റികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ജബ്ബാർ അയച്ച കത്തിൽ പറയുന്നു. കവരത്തിയിൽ മത്സ്യത്തൊഴിലാളികളുടെ മാസ് വേലികളും ഷെഡുകളും പൊളിച്ചു നീക്കി. ബംഗാരം, തിണ്ണകര ദ്വീപുകളിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഒത്താശയോടെ സ്വകാര്യ ഭൂമികൾ കോർപ്പറേറ്റ് ഭീമന്മാർ കയ്യേറുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഹംദുള്ളാ സഈദിന്റെ മൗനം സംശയാസ്പദമാണെന്ന് എൻ.സി.പി (എസ്.പി) ആരോപിച്ചു. ഭരണകൂടത്തോടൊപ്പം ചേർന്ന് ലക്ഷദ്വീപിലെ ജനങ്ങളെ വഞ്ചിക്കുന്ന ലക്ഷദ്വീപ് എം.പി രാജിവെച്ച് പുറത്തു പോകണം എന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തണം എന്നാണ് എൻ.സി.പി (എസ്.പി) സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.
