![](https://dweepmalayali.com/wp-content/uploads/2024/11/whats-channel-head.jpg)
കവരത്തി: കഴിഞ്ഞ മാസം അഞ്ചാം തിയ്യതി കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പലിൽ ടിക്കറ്റ് ഉണ്ടായിട്ടും ഭിന്നശേഷി ബാലികയെ ക്യാബിനിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. ചേത്ത്ലാത്ത് ദ്വീപ് സ്വദേശിനിയായ ഷഫ്നാ ഷറഫ് പി എന്ന ഒൻപത് വയസ്സുള്ള ഭിന്നശേഷി ബാലികയെയാണ് ടിക്കറ്റ് ഉണ്ടായിട്ടും ക്യാബിനിൽ നിന്നും ഇറക്കി വിട്ടത്. കുട്ടിയെ ഇറക്കി വിടുകയും അധിക്ഷേപിക്കുകയും ചെയ്ത കപ്പലിലെ വെൽഫെയർ ഓഫീസറായ ആറ്റക്കോയ സി.പിയെ ഒന്നാം പ്രതിയാക്കിയാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. തുറമുഖ വകുപ്പ് ഡയറക്ടർ, എൽ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർ എന്നിവരാണ് രണ്ടും മൂന്നും പ്രതികളായി നൽകിയിരിക്കുന്നത്. ₹25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന പരാതിയിൽ കപ്പലിലെ വെൽഫെയർ ഓഫീസറായ ആറ്റക്കോയ സി.പിക്കെതിരെ ഗുരുതരമായ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുമായി ഭിന്നശേഷി ബാലികയായ ഷഫ്നാ ഷറഫും രക്ഷിതാക്കളും സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കി നേരത്തെ തന്നെ കപ്പലിലെ അവർക്ക് അനുവദിച്ച ക്യാബിനിൽ കയറിയിരുന്നു. ടിക്കറ്റ് പരിശോധനകൾ പൂർത്തിയാക്കി അവസാനം നോൺ ഷോ കഴിഞ്ഞു കപ്പലിൽ എത്തിയ ബറക്കത്ത് എന്നയാളും അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് തസ്ബീക്കും ഇതേ ക്യാബിൻ സീറ്റ് ടിക്കറ്റുമായി എത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഭിന്നശേഷി ബാലികയായ ഷഫ്നാ ഷറഫിന്റെ സെക്യൂരിറ്റി പരിശോധനകൾ കഴിഞ്ഞ സമയത്ത് സ്കാനിംഗ് സെന്ററിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പാസഞ്ചർ ലിസ്റ്റിൽ ഷഫ്നാ ഷറഫിന്റെ പേര് മാർക്ക് ചെയ്യുന്നതിൽ വന്ന വീഴ്ച മൂലം നോൺ ഷോ സമയത്ത് ആ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും, ബറക്കത്ത് എന്ന യാത്രക്കാരന് അതേ സീറ്റ് നൽകുകയുമാണ് ഉണ്ടായത് എന്നും, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച മൂലമാണ് ആശയക്കുഴപ്പം ഉണ്ടായത് എന്നും പറഞ്ഞു കൊണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ മേൽ കുറ്റം പഴിചാരി രക്ഷപ്പെടാനാണ് സ്കാനിംഗ് സെന്ററിലെ ജീവനക്കാർ ശ്രമിക്കുന്നത്. വീഴ്ച ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും, രണ്ടു യാത്രക്കാരെയും മാന്യമായി പരിഗണിച്ച് അത്തരം സാഹചര്യങ്ങളിൽ സംയമനത്തോടെ പെരുമാറേണ്ട കപ്പലിലെ വെൽഫെയർ ഓഫീസർ, ഭിന്നശേഷി ബാലികയോട് വളരെ മോശമായി ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും ക്യാബിനിൽ നിന്നും ഇറക്കി വിടുകയുമാണ് ചെയ്തത് എന്നാണ് പരാതി. ഹൃദയസംബന്ധമായ ചികിത്സയിൽ തുടരുന്ന ഭിന്നശേഷി ബാലികയ്ക്ക് ഇത് ഗുരുതരമായ മാനസിക സമ്മർദ്ദത്തിന് കാരണമായി എന്ന് പിതാവ് മുഹമ്മദ് ഷറഫുദ്ദീൻ എച്ച്.എം നൽകിയ പരാതിയിൽ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്നേ ദിവസം തന്നെ കവരത്തിയിലുള്ള സുഹൃത്ത് വഴി തുറമുഖ വകുപ്പ് ഡയറക്ടർക്ക് പരാതി തയ്യാറാക്കുകയും കപ്പൽ കവരത്തിയിൽ എത്തിയപ്പോൾ പരാതിയുടെ പകർപ്പ് വെൽഫെയർ ഓഫീസറായ ആറ്റക്കോയക്ക് നൽകുകയും ചെയ്തു. തുടർന്ന് ക്യാന്റീനിൽ എത്തി അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന ഭിന്നശേഷി ബാലികയടും മാതാവിനോടും കയർത്തു സംസാരിച്ച വെൽഫെയർ ഓഫീസർ ആറ്റക്കോയ, “ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകയായ നൂറുൽ ഹിദായ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ 2(11) വകുപ്പിന്റെ ലംഘനമാണ് പ്രതികൾ നടത്തിയത് എന്ന് പരാതിയിൽ പറയുന്നു. വിവിധങ്ങളായ ഏഴ് വകുപ്പുകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി ബാലികയായ ഷഫ്നാ ഷറഫിന് നഷ്ടപരിഹാരം ലഭ്യമാക്കണം എന്നാണ് ഉപഭോക്തൃ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിശോധനകൾ പൂർത്തിയാക്കി കപ്പലിലേക്ക് കയറിയ യാത്രക്കാരുടെ ടിക്കറ്റുകൾ പലപ്പോഴും ഈ രീതിയിൽ നോൺ ഷോ സമയത്ത് ക്യാൻസൽ ചെയ്യുകയും സ്കാനിംഗ് സെന്ററിലെ പോർട്ട് ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി വീണ്ടും അടിച്ചു നൽകുന്നതായുമുള്ള പരാതികളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പലപ്പോഴും രണ്ടാമത് കയറുന്ന യാത്രക്കാർക്ക് സത്യാവസ്ഥ അറിയുന്നതിനാൽ അവർ സീറ്റിനു വേണ്ടി ആവശ്യം ഉന്നയിക്കാത്തതിനാൽ പ്രശ്നങ്ങളില്ലാതെ ഒഴിവാകുകയാണ് പതിവ് എന്നാണ് അറിയാൻ സാധിച്ചത്.
![](https://dweepmalayali.com/wp-content/uploads/2024/11/DM-ADD-1120X138.jpg)