കവരത്തി: കവരത്തിയിൽ നിന്നും സുഹലിയിലേക്കുള്ള യാത്രാ മധ്യേ എഞ്ചിൻ തകരാറിലായ മുഹമ്മദ് കാസിം-|| (IND-LD-KV-MO-208) എന്ന ബോട്ട് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കവരത്തിയിൽ എത്തിച്ചു. ബോട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 54 യാത്രക്കാർ ഉണ്ടായിരുന്നു. സുഹലിയിൽ എത്താൻ 4 നോട്ടിക്കൽ മൈൽ ദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് ബോട്ടിന്റെ എഞ്ചിൻ തകരാറിലായത്. ഗതി തെറ്റി മണിക്കൂറുകളോളം ബോട്ട് അലക്ഷ്യമായി നീങ്ങുകയായിരുന്നു എന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കോസ്റ്റ് ഗാർഡ് കപ്പലിന്റെ സഹായത്തോടെ കവരത്തി ദ്വീപിന്റെ എട്ട് നോട്ടിക്കൽ മൈൽ ദൂരം വരെ എത്തിച്ച ബോട്ട്, അവിടെ നിന്നും കവരത്തി ജെട്ടി വരെ ഫിഷറീസ് വകുപ്പിന്റെ ബ്ലൂഫിൻ ബോട്ടിന്റെ സഹായത്തോടെയാണ് എത്തിച്ചത്.
ബോട്ടിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാർക്കും ഭക്ഷണവും വൈദ്യസഹായവും നൽകിയതായി കോസ്റ്റ് ഗാർഡ് ജില്ലാ കമാൻഡർ ഡി.ഐ.ജി മുബീൻ ഖാൻ പറഞ്ഞു. ലക്ഷദ്വീപ് കടലിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സദാ പ്രതിജ്ഞാബദ്ധമാണ് എന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം സുഹേലിയിൽ മത്സ്യബന്ധനം നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ ബോട്ടുകളോടും കവരത്തിയിലെ AO ഓഫീസിൽ നിന്ന് മുൻകൂർ അനുമതിയും സ്ഥിരീകരണവും വാങ്ങാനും അതിന്റെ പകർപ്പ് കയ്യിൽ കരുതാനും എൽ.എം.എഫ്.ആർ നോഡൽ ഓഫീസർ നിർദ്ദേശിച്ചു കൂടാതെ ഒരു യാത്രക്കാരനെയും സുഹേലിയിലേക്ക് കൊണ്ടുപോകരുതെന്ന് എല്ലാ മത്സ്യബന്ധന ബോട്ടുകളേയും കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഏതെങ്കിലും മത്സ്യബന്ധന ബോട്ടിൽ യാത്രക്കാരെ കയറ്റുന്നതായി കണ്ടാൽ ആ ബോട്ടിന്റെ RC ക്യാൻസൽ ചെയ്യുന്നതായിരിക്കും എന്നും എൽ.എം.എഫ്.ആർ അറിയിച്ചു.
കടപ്പാട്: പ്രസ് ഇൻഫർമേഷൻ ബ്യൂറോ.