ആന്ത്രോത്ത്: 24-ആമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി.പി.ഐ (എം) ലക്ഷദ്വീപ് ലോക്കൽ സമ്മേളനം ശനിയാഴ്ച ആന്ത്രോത്ത് ദ്വീപിൽ നടക്കും. രാജ്യസഭാ എം.പി ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്യും. അന്തർദേശീയ, ദേശീയ, പ്രാദേശിക വിഷയങ്ങൾ, കഴിഞ്ഞ കാല പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ കാല പ്രവർത്തനങ്ങളും വീഴ്ചകളും വിമർശനങ്ങൾക്കും, സ്വയം വിമർശനങ്ങൾക്കും വിധേയമാക്കും. വിവിധ ബ്രാഞ്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമാവുക. മുൻകാല നേതാവായ സഖാവ് എം.കെ ഫത്തഹുദ്ദീന്റെ നാമധേയത്തിലാണ് സമ്മേളന വേദി ഒരുക്കുന്നത്.
ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി കവരത്തി, അഗത്തി, ചേത്ത്ലാത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു. കവരത്തി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരായി സിറാജുദ്ദീൻ കെ.പി, മുഹമ്മദ് ബഷീർ യു.പി എന്നിവരെ തിരഞ്ഞെടുത്തു. അഗത്തി ബ്രാഞ്ച് സെക്രട്ടറിയായി സലാഹുദ്ദീൻ പി.എം, ചേത്ത്ലാത്ത് ബ്രാഞ്ച് സെക്രട്ടറിയായി ഉവൈസിനെയും, ആന്ത്രോത്ത് ദ്വീപിലെ ബ്രാഞ്ച് സെക്രട്ടറിമാരായി മുഹമ്മദ് നാസർ പി, അക്ബർ അലി കെ.സി എന്നിവരെയും തിരഞ്ഞെടുത്തു.
ശനിയാഴ്ച രാത്രി നടക്കുന്ന പൊതു സമ്മേളനത്തിൽ ഡോ.ശിവദാസൻ എം.പിയോടൊപ്പം എസ്.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, മറ്റു നേതാക്കൾ പങ്കെടുക്കും.