കൊച്ചി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ പെട്രോൾ, പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ പരിഹാരം തേടി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ഓഫീസിലെത്തി ചീഫ് ജനറൽ മാനേജർ ഗീതികാ വർമ്മയുമായും മറ്റ് അധികൃതരുമായും ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച നടത്തി.
ആന്ത്രോത്ത് അടക്കമുള്ള ദ്വീപുകളിൽ സ്റ്റോറേജ് ടാങ്കുകളുടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാനും പവർകട്ട് സമയങ്ങളിലും പ്ലാന്റുകൾ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് ജനറേറ്ററുകൾ ലഭ്യമാക്കുന്നതിനും, ഇതുവരെ പെട്രോൾ പമ്പുകൾ ഇല്ലാത്ത ദ്വീപുകളിൽ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ചെത്ത്ലാത്ത്, ബിത്രാ ദ്വീപുകളിലെ പണി പൂർത്തിയായി നിൽക്കുന്ന ഗ്യാസ് ഗോഡൗണുകളുടെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിനും മൊത്തത്തിലുള്ള ഗ്യാസ് വിതരണം കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. കൽപേനി, ആന്ത്രോത്ത് ദ്വീപുകളിൽ പ്ലാൻറ് പ്രവർത്തനം സുഗമമാക്കാനും പെട്രോൾ സ്റ്റോക്കുകൾ സമയാസമയം ലഭ്യമാക്കുന്നതിനെ കുറിച്ചും ചർച്ച നടത്തി. ആന്ത്രോത്ത് ദ്വീപിലെ സ്റ്റോറേജ് ടാങ്ക് പ്രവർത്തനം 2025 മാർച്ച് മാസത്തോടെ ആരംഭിക്കാൻ ആകുമെന്നും പെട്രോൾ ഗ്യാസ് വിതരണത്തിൽ ചൂണ്ടിക്കാട്ടിയാൽ പോരായ്മകൾ അടിയന്തരമായി പരിഹരിച്ച് വിതരണം സുഗമമാക്കുമെന്നും ഐ.ഒ.സി അധികൃതർ ഉറപ്പു നൽകിയതായി ഹംദുള്ളാ സഈദ് അറിയിച്ചു. ലക്ഷദ്വീപ് എം.പി ഉയർത്തിയ വിവിധ വിഷയങ്ങളിൽ ഏറ്റവും വേഗത്തിൽ നടപടി ഉണ്ടാവുമെന്നും ഐ.ഒ.സി.എൽ അധികൃതർ അറിയിച്ചു. എൽ.ടി.സി.സി ട്രഷറർ എം.പി ബദറുൽ മുനീർ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡൻറ് എം.അലി അക്ബർ, എൻ.എസ്.യു.ഐ സ്റ്റേറ്റ് പ്രസിഡൻറ് അജാസ് അക്ബർ എന്നിവർ എംപി യോടൊപ്പം കൂടികാഴ്ചയിൽ പങ്കെടുത്തു.