കൽപ്പേനി: ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ) യുടെ 54-ആമത് വാർഷിക സമ്മേളനത്തിന് കൽപ്പേനി ദ്വീപിൽ പ്രൗഢമായ തുടക്കമായി. മർഹൂം കെ.കെ.മുഹമ്മദ് കൊയയുടെ ഖബർ സന്ദർശനത്തിന് ശേഷം എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പി.മിസ്ബാഹുദ്ദീൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എൽ.എസ്.എ ജനറൽ സെക്രട്ടറി സഫറുള്ളാ ഖാൻ നന്ദി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സംഘടനാ ക്ലാസിന് സയ്യിദ് ഹാമിദ് ചെറിയകോയ തങ്ങൾ നേതൃത്വം നൽകി.
പട്ടേലിനും കേന്ദ്ര സർക്കാരിനും എതിരെ പ്രതിഷേധിക്കാൻ ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന് ധൈര്യമില്ല. -മുഹമ്മദ് ഫൈസൽ.
ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ) യുടെ 54-ആമത് വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുൻ എം.പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. വർത്തമാന ലക്ഷദ്വീപ് നേരിടുന്ന വിഷയങ്ങൾ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടു മാസമായി ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒരു പ്രതികരണവും നടത്തുന്നില്ല. പാർലമെന്റിന് അകത്തും പുറത്തും ലക്ഷദ്വീപുകാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഹംദുള്ളാ സഈദ് തയ്യാറാവുന്നില്ല. ഇന്ന് പാർലമെന്റിൽ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്. ലക്ഷദ്വീപുകാരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചാൽ എല്ലാ പിന്തുണയും നൽകാമെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹം ലക്ഷദ്വീപുകാരായ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന പണ്ടാരം ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നില്ല. സഭക്ക് പുറത്ത് മാധ്യമങ്ങളിലൂടെയെങ്കിലും തന്റെ പ്രതിഷേധം അറിയിക്കുന്നില്ല. സഭക്ക് പുറത്ത് ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിഷേധങ്ങളിൽ പോലും പങ്കെടുക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല. കേന്ദ്ര സർക്കാരിനും പട്ടേലിനുമെതിരെ ശബ്ദമുയർത്താൻ ഹംദുള്ളാ സഈദിന് ധൈര്യമില്ല എന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
എൻ.സി.പി (എസ്) ലക്ഷദ്വീപ് ഘടകം ഉപദേശക സമിതി അംഗം എ. കുഞ്ഞിക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. എൽ.എസ്.എ അധ്യക്ഷൻ പി.മിസ്ബാഹുദ്ദീൻ സ്വാഗതം പറഞ്ഞു. എൻ.സി.പി (എസ്) ലക്ഷദ്വീപ് അധ്യക്ഷൻ അഡ്വ.കോയാ അറഫാ മിറാജ്, ജനറൽ സെക്രട്ടറി ഒ.പി ജബ്ബാർ, എൻ.സി.പി കൽപ്പേനി യൂണിറ്റ് പ്രസിഡന്റ് എം.കെ ചെറിയകോയ, സയ്യിദ് ഹാമിദ് ചെറിയകോയ തങ്ങൾ, നിയാസ് കൽപ്പേനി, എൽ.എസ്.എ ജനറൽ സെക്രട്ടറി സഫറുള്ളാ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.