കവരത്തി: നാഷണൽ ഹെൽത്ത് മിഷനും നാഷണൽ ആയുഷ് മിഷനും കീഴിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്ന മൂന്ന് ഡോക്ടർമാരെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കിൽത്താൻ ദ്വീപിൽ സേവനമനുഷ്ഠിക്കുന്ന ആയുർവേദ ഡോക്ടർ എം.കെ അബ്ദുൽ റഹിമാൻ, കടമത്ത് ദ്വീപിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ പി.പി മുത്തുക്കോയ എന്നിവരെയും, നാഷണൽ ആയുഷ് മിഷനു കീഴിൽ അഗത്തി ദ്വീപിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ഹനിയ വി.കെ എന്നിവരെയാണ് അടിയന്തരമായി പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം കവരത്തിയിലെ ഓഫീസ് സന്ദർശനത്തിനിടെ ആയുഷിൽ എത്തിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേൽ, വകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ കണക്കുകൾ ചോദിച്ചറിഞ്ഞിരുന്നു. അപ്പോൾ തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടേറിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മൂന്ന് ഡോക്ടർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.