കവരത്തി: ഇന്ന് രാവിലെ കവരത്തിയിൽ നിന്നും മറ്റു ദ്വീപുകളിലേക്ക് വെസൽ കയറാൻ എത്തിയ നൂറുകണക്കിന് ആളുകളെ ഇറക്കി വിട്ടു. വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് വെസലിൽ നിന്നും ഇറക്കി വിട്ടത്. ക്രിസ്തുമസ് അവധിക്കായി കപ്പലിൽ കവരത്തിയിൽ എത്തിയ വിദ്യാർത്ഥികളാണ് അധികവും. കവരത്തിയിൽ നിന്നും സ്വന്തം നാടുകളിലേക്ക് വെസൽ വഴി പോവാം എന്ന് കരുതി കവരത്തിയിൽ എത്തിയവരുമുണ്ട്.
കൂടാതെ വലിയ വിലക്ക് വിമാനം വഴി അഗത്തിയിൽ എത്തുകയും അവിടെ നിന്നും കവരത്തിയിൽ എത്തുകയും ചെയ്ത യാത്രക്കാരുമുണ്ട്. ഇന്ന് കിൽത്താൻ, ചെത്ത്ലാത്ത് ദ്വീപുകളിൽ എത്തുന്ന എം.വി ലഗൂൺസിൽ കയറാനായി കിൽത്താൻ, ചെത്ത്ലാത്ത് ദ്വീപുകളിലേക്ക് പോവുന്ന യാത്രക്കാരുമുണ്ട്. ഭൂരിഭാഗം യാത്രക്കാരും നിരാശരായി മടങ്ങുകയായിരുന്നു.
കവരത്തി ജെട്ടിയിലെ ഗെയ്റ്റിൽ ശക്തമായ പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തി വിടാറുള്ളത്. എന്നാൽ സ്വന്തം നാടുകളിലേക്ക് എത്താനായി മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞതോടെ ഇന്ന് യാത്രക്കാർ കൂട്ടത്തോടെ ഗെയ്റ്റ് ഉന്തി തുറന്നാണ് ഗെയ്റ്റിന് അകത്തേക്ക് പ്രവേശിച്ചത്. എന്നാൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റാനാവാത്തതിനാൽ വെസൽ ജീവനക്കാരും പോലീസും ചേർന്ന് നൂറുകണക്കിന് യാത്രക്കാരെ മടക്കി അയക്കുകയായിരുന്നു. പിന്നീട് കടമം, അമിനി ദ്വീപുകളിലേക്ക് പ്രൈവറ്റ് ബോട്ട് ചാർട്ട് ചെയ്ത് കുറേപ്പേർ യാത്ര തിരിച്ചു.