ഡൽഹി: സ്കൂൾ യൂണിഫോം വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇയ്യിടെ ഇറക്കിയ വിവാദ ഓർഡറിൽ ആശങ്ക അറിയിച്ച് സുന്നി വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ് ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ്, രാജ്യസഭാ എം.പി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രദേശവാസികളെ കേൾക്കാതെ, അവരുടെ ആവശ്യങ്ങളോ ആശങ്കകളോ മാനിക്കാതെ നടത്തിയ പല പദ്ധതികളിലും ദ്വീപ് സമൂഹം അവരുടെ ആശങ്ക ഉയർത്തിക്കാട്ടിയിരുന്നു. ഇത്തരം വിവിധ വിഷയങ്ങളും ഈയിടെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ യൂണിഫോം വിവാദ ഓർഡറിൽ പരാമർശിച്ച ചില വിഷയങ്ങളും പ്രത്യേകം ചർച്ച ചെയ്യുകയും നിയമോപദേശം തേടുകയും ചെയ്തു. എം.പിമാരോട് ഈ വിഷയത്തിലുള്ള വിദ്യാർത്ഥികളുടെ ആശങ്ക അറിയിച്ച് ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതായി എസ്.എസ്.എഫ് ദേശീയ നേതൃത്വം അറിയിച്ചു.