കവരത്തി: പത്താം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ദ്വീപുകളിൽ ഉയരുന്നത്. യൂണിഫോം കർശനമാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ശ്രീ. രാകേഷ് ദാഹിയ ഡാനിക്സ് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ ചർച്ചയാവുന്നത്. പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളുടെ യൂണിഫോമിൽ ശിരോവസ്ത്രം(തട്ടം) ഉൾപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള യൂണിഫോമിന് പുറമെ മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് ഏകീകൃതമായ വസ്ത്രരീതിയെ ബാധിക്കും എന്നതിനാൽ മറ്റൊന്നും ഉപയോഗിക്കാൻ പാടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.
പ്രഫുൽ ഘോടാ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി ഈ യൂണിഫോം നിലവിൽ വന്നിട്ട് കുറച്ചു കാലമായി. എന്നാൽ നൂറു ശതമാനവും മുസ്ലിം വിദ്യാർത്ഥികളായതിനാൽ ശിരോവസ്ത്രം ധരിക്കുന്നത് അധ്യാപകർ തടഞ്ഞിരുന്നില്ല. ഇതു കൊണ്ടാവണം നേരത്തെ തന്നെ നിർദ്ദേശിച്ച യൂണിഫോം കർശനമാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ പുതിയ ഉത്തരവ് പുറത്തിറക്കിയത് എന്നാണ് അറിയുന്നത്. തത്വത്തിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് അവരുടെ ഇഷ്ടാനുസരണം ശിരോവസ്ത്രം ധരിക്കുന്നത് തടയാനാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത് എന്ന് വേണം അനുമാനിക്കാൻ.