കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവിധ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (എൽ.ജി.ഇ.യു) നിവേദനം സമർപ്പിച്ചു. അർഹരായ ഉദ്യോഗസ്ഥർക്ക് എം.എ.സി.പി നൽകുന്നതിലെ കാലതാമസം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ ഇടയാക്കുന്നു. കൂടാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലോ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ഇല്ലാത്ത വിധം എം.എ.സി.പിക്കായി ലക്ഷദ്വീപ് ഭരണകൂടം പുതിയ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണ്. കംപ്യൂട്ടർ പ്രോഗ്രാമിംഗ് കോഴ്സുകളായ സി.സി.സി/സി.സി.സി പ്ലസ് എന്നിവ പാസ്സായവർക്കെ എം.എ.സി.പി നൽകുകയുള്ളൂ എന്നാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്. ഈ മാനദണ്ഡം പൂർണ്ണമായി ഒഴിവാക്കണം എന്നാണ് എൽ.ജി.ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലെ 2079 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ നിരവധി തസ്തികകളിലെ പ്രൊമോഷൻ നടപടികളും മുടങ്ങി കിടക്കുന്നു. അർഹരായ ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കാത്തത് മൂലം അവരുടെ മനോവീര്യം നഷ്ടപ്പെടാൻ അത് കാരണമാവുന്നു. അതുകൊണ്ട് ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുകയും സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് പ്രൊമോഷന് യോഗ്യതയുള്ളവർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്യണമെന്ന് എൽ.ജി.ഇ.യു ആവശ്യപ്പെട്ടു.
Home Lakshadweep ഉദ്യോഗസ്ഥരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നിവേദനം നൽകി എൽ.ജി.ഇ.യു