കൊച്ചി: ബംഗാരം, തിണ്ണകര ദ്വീപുകളിലെ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി. കടൽ തിരമാലകൾ മൂലം കരക്കടുത്ത മണ്ണ് കൂടിച്ചേർന്ന് ഉണ്ടായ ഭൂപ്രദേശത്താണ് ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് തങ്ങളുടെ ഭൂമിയിലാണെന്നും, അത് തങ്ങളുടെ അറിവോടെയല്ല എന്നും നിർമാണ പ്രവർത്തനങ്ങൾ തടയണം എന്നും കാണിച്ചാണ് മൂന്ന് വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഈ ഭൂമികളിലെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ അപ്പീൽ നൽകിയത്.
എന്നാൽ ഇടക്കാല ഉത്തരവിൽ അപ്പീൽ നൽകിയത് ശരിയായ കീഴ്വഴക്കമല്ല എന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഇടക്കാല ഉത്തരവാണെങ്കിലും, അതും കോടതി ഉത്തരവാണ് എന്നും അത് മേൽക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട് എന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിലുമാർ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുകയായിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഹരജിക്കാരുടെ ഭൂമിയിൽ നിലവിലുള്ള അവസ്ഥ തുടരണം എന്നും നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെക്കണം എന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഹരജിക്കാർ പറയുന്ന ഭൂമി കടലെടുക്കും കയും പിന്നീട് കടൽ തിരമാലകൾ മൂലം കരക്കടുത്ത മണ്ണ് കൂടിച്ചേർന്നാണ് ഇവിടെ നിലവിലുള്ള ഭൂമി എന്നും ലക്ഷദ്വീപ് ഭരണകൂടം ഡിവിഷൻ ബെഞ്ചിന് മുൻപാകെ വാദിച്ചു. ഇങ്ങനെയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണ് എന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. ഇത്തരം ഭൂമിയിലാണ് ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം പരിഗണിച്ച കോടതി നിർമാണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേ നീക്കുകയായിരുന്നു.