
കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വൻകരയിൽ നിന്ന് യാത്രാ, ചരക്ക് ഗതാഗത മാർഗ്ഗങ്ങൾ വഴി നിരോധിതവും അനധികൃതമായി ഇറക്കുമതി ചെയ്തതുമായ പുകയില ഉൽപ്പന്നങ്ങൾ വ്യാപകമായി കടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലക്ഷദ്വീപ് പോലീസ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് പോലീസ് മേധാവി പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് സ്റ്റേറ്റ് ടൊബാക്കോ കൺട്രോൾ സെല്ലിന്റെ (STCC) പരിശോധനകളെ തുടർന്ന് കൈക്കൊണ്ട ഈ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ദ്വീപിൽ എത്തുന്ന അനധികൃത പുകയില ഉൽപ്പന്നങ്ങളിൽ പ്രധാനമായും നിയമാനുസൃതമായ ആരോഗ്യ മുന്നറിയിപ്പുകൾ ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകൾ, പ്രാദേശികമായി ‘ഫോയില’ (Foyila) എന്നറിയപ്പെടുന്ന ഹുക്ക/ഷീഷ ഉൽപ്പന്നങ്ങൾ, കൂടാതെ ‘ചൊപ്പ്’ (Choppu), ‘ഡമ്പായി’ (Dumpai) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉണക്കിയ പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2003-ലെ സിഗരറ്റ് അദർ ടൊബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) പ്രകാരമുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇത്തരം ഉൽപ്പന്നങ്ങൾ കടത്തുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റമാണെന്നും ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ പോലീസ് സ്റ്റേഷൻ ഇൻ-ചാർജുമാർക്കും ശക്തമായ മുൻകരുതലുകളും എൻഫോഴ്സ്മെന്റ് നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുറമുഖങ്ങൾ, പാസഞ്ചർ ടെർമിനലുകൾ, ചരക്ക് കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും യാത്രാ-ചരക്ക് ഗതാഗത സമയത്തും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കർശന പരിശോധന നടത്താൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നിർദ്ദേശിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പിലാക്കുന്നതിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജീവനക്കാരെ ഇക്കാര്യത്തിൽ സജ്ജരാക്കണമെന്നും പോലീസിന് കർശന നിർദ്ദേശമുണ്ട്.
















