കടമത്ത്: ​അധ്യാപകരുടെ കരാർ പുതുക്കി നൽകണമെന്നും അക്കാദമിക പഠനം തടസ്സമില്ലാതെ തുടരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് കട്മത്ത് കോളേജിലെ വിദ്യാർഥികൾ പ്രതിഷേധ സമരം ആരംഭിച്ചു. സെമസ്റ്റർ പരീക്ഷകൾ തൊട്ടടുത്തെത്തി നിൽക്കെ അധ്യാപകരില്ലാത്തത് ഭാവിയെ തകർക്കുമെന്നും കോളേജുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലായെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങി സമരം ശക്തമാക്കിയത്. രക്ഷിതാക്കളുടെയും വിവിധ സംഘടനകളുടെയും പൂർണ്ണ പിന്തുണയോടെയാണ് കട്മത്ത് കോളേജിൽ പ്രതിഷേധം പുരോഗമിക്കുന്നത്.

​ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിയെത്തുടർന്ന് വിദ്യാർഥികൾ ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. വിഷയം ഗൗരവത്തിലെടുത്ത എം.പി., ഉടൻ തന്നെ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറെ ഫോണിൽ ബന്ധപ്പെടുകയും വിദ്യാർഥികളുടെ ആവശ്യം നേരിട്ട് അറിയിക്കുകയും ചെയ്തു. എന്നാൽ താൻ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥനാണെന്നും വിഷയം പരിശോധിച്ച് നിലവിലെ സ്ഥിതിഗതികൾ എന്താണെന്ന് ഉടൻ അറിയിക്കാമെന്നുമാണ് വിദ്യാഭ്യാസ ഡയറക്ടർ എം.പിയോട് വ്യക്തമാക്കിയത്.

​അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ ഔദ്യോഗിക ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനും ഡി.സി. ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത സമരപരിപാടികളിലേക്ക് കടക്കാനുമാണ് ഇവരുടെ തീരുമാനം. ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്തംഭനത്തിൽ നിന്ന് രക്ഷിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ദ്വീപ് നിവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here