അഗത്തി: അഗത്തി സ്വദേശിയായ 11 വയസ്സുകാരന്റെ വലതുകാലിൽ ആഴത്തിൽ തുളച്ചുകയറിയ വളഞ്ഞ ഇരുമ്പുകമ്പി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡിക്കൽ ടീം ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓർത്തോപീഡിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് രക്ഷപ്പെടുത്തിയത്.

​കുട്ടിയുടെ വലതുകാലിൽ കമ്പിയുടെ വളഞ്ഞ ഭാഗം പുറത്ത് കാണാമായിരുന്നുവെങ്കിലും, അതിന്റെ മുൻഭാഗം പേശികൾ, രക്തധമനികൾ, ഞരമ്പുകൾ എന്നിവയ്ക്കിടയിലൂടെ ആഴത്തിൽ ഇറങ്ങി എല്ലുകൾക്കിടയിൽ ഇളപ്പക്കയറിയ നിലയിലായിരുന്നു. കൂടാതെ, രോഗിയുടെ അക്കിലസ് ടെൻഡൺ (Achilles tendon) മുറിഞ്ഞുപോയ അവസ്ഥയിലുമായിരുന്നു.

​അപകട നിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ഓർത്തോപീഡിക് സർജൻ ഡോക്ടർ സുഹൈൽ എസ്. എസ്.-ന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചു. ശസ്ത്രക്രിയ പൂർണ്ണ വിജയകരമായതോടെ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

​ഓർത്തോപീഡിക് സർജൻ ഡോ. സുഹൈൽ എസ്. എസ്., ജനറൽ സർജൻ ഡോ. രാഹുൽ രാഘവൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സാജിദ്, സ്‌ക്രബ് നഴ്‌സ് അഹമ്മദ് കോയ, സപ്പോർട്ടിംഗ് നഴ്‌സിംഗ് സ്റ്റാഫ് ഫാത്തിമ റഹീം, അനസ്തേഷ്യ ടെക്നീഷ്യൻ ഫൈസൽ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ ടീമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here