
അഗത്തി: ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് അഗത്തി ദ്വീപിൽ നടത്തുന്ന പര്യടനം തുടരുകയാണ്. പര്യടനത്തിന്റെ ഭാഗമായി പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന വിവിധ ജനകീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഡപ്യൂട്ടി കളക്ടറുമായി കൂടിക്കാഴ്ച നടത്തി. ദ്വീപിലെ വികസന, ഭരണപരമായ വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാകുന്ന അനാവശ്യ തടസ്സങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ വീടുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധന നടത്താൻ എത്തുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലിൽ എം.പി. ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇത്തരത്തിലുള്ള പീഡനങ്ങളും പരിശോധനകളും മേലിൽ തുടരരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. കൂടാതെ പെർമിറ്റ് ഹോൾഡർമാരുടെ പെർമിറ്റുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സങ്കീർണ്ണതകളും തടസ്സങ്ങളും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗത്തി ദ്വീപിലെ പ്രധാന ചികിത്സാ കേന്ദ്രമായ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിലനിൽക്കുന്ന വിവിധ അപര്യാപ്തതകളും ആരോഗ്യമേഖലയിലെ പ്രതിസന്ധികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഗത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. ആലിക്കോയ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എം.പിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
















