ന്യൂഡൽഹി: നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടെന്നും ജില്ലാ കളക്ടർ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ഭരണഘടനാപരമായ ചുമതല നിർവഹിക്കണമെന്നും എൻ.സി.പി (ശരദ്ചന്ദ്ര പവാർ) വർക്കിങ് പ്രസിഡന്റും എം.പിയുമായ സുപ്രിയ സുലെ. കവരത്തിയിൽ സ്വകാര്യ ഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ദുരുപയോഗം ചെയ്ത് 22 പേരെ അറസ്റ്റ് ചെയ്ത ഭരണകൂട നടപടിയെ ശക്തമായി അപലപിച്ചുകൊണ്ടാണ് അവർ രംഗത്തെത്തിയത്. ജനങ്ങളുടെ അവകാശങ്ങൾക്കായി എന്നും മുൻപന്തിയിൽ നിന്ന പ്രസ്ഥാനമാണ് എൻ.സി.പിയെന്നും നീതിക്കായുള്ള പോരാട്ടത്തിൽ അറസ്റ്റിലായ പ്രവർത്തകർക്കൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്നും സുപ്രിയ സുലെ വ്യക്തമാക്കി.

ലക്ഷദ്വീപ് ജില്ലാ കളക്ടർ ശിവം ചന്ദ്ര ഭരണഘടന ഉയർത്തിപ്പിടിക്കാനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയും പോലെ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അപ്പുറം ഭരണഘടനാപരമായ കടമ നിർവഹിക്കുക എന്നതിനായിരിക്കണം കളക്ടർ മുൻഗണന നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ എല്ലാ പാർട്ടി പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും അധികാര ദുർവിനിയോഗത്തിന് ഉദ്യോഗസ്ഥർ മറുപടി പറയണമെന്നും ആവശ്യപ്പെട്ട സുപ്രിയ സുലെ, വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here