
ന്യൂഡൽഹി: ലഡാക്കിലെ പ്രശസ്തമായ പഷ്മീന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സഹകരണ സംഘത്തിൽ വ്യാപക സാമ്പത്തിക ക്രമക്കേടും അധികാര ദുർവിനിയോഗവും നടത്തിയെന്ന ആരോപണത്തെത്തുടർന്ന് പ്രസന്ന രാമസ്വാമി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ‘ലൂംസ് ഓഫ് ലഡാക്ക് വിമൻസ് കോഓപ്പറേറ്റീവ് ലിമിറ്റഡ്’ (LOLWC) ചെയർമാൻ സ്ഥാനത്തുനിന്ന് ഔദ്യോഗികമായി പുറത്താക്കി. സർക്കാരിന്റെയും വിവിധ സഹകരണ ഏജൻസികളുടെയും ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനെ ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റിയത്.
2015 മുതൽ 2017 വരെയുള്ള കാലയളവിൽ ലേ ഡെപ്യൂട്ടി കമ്മീഷണറായും കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായും സേവനമനുഷ്ഠിക്കവെയാണ് പ്രസന്ന രാമസ്വാമിയുടെ നേതൃത്വത്തിൽ ഈ സഹകരണ സംഘം രൂപീകരിച്ചത്. സംഘത്തിന്റെ രജിസ്ട്രേഷൻ രേഖകളിൽ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഭാര്യ അഭി ലാഷ ബഹുഗുണയെയും സഹസ്ഥാപക അംഗങ്ങളായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഭരണസമിതികളിൽ പങ്കാളിയാകുന്നതും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സൊസൈറ്റികളുടെ ഭാഗമാകുന്നതും ഗുരുതരമായ താൽപ്പര്യ വൈരുദ്ധ്യവും (Conflict of Interest) സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ലഡാക്ക് ഭരണകൂടം കണ്ടെത്തി.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ഗ്രാന്റുകളും സംഭാവനകളുമായി 1.67 കോടിയോളം രൂപയും, നബാർഡ് (NABARD) വഴി പദ്ധതി നിർവ്വഹണത്തിനായി 1.07 കോടി രൂപയും ഈ സ്ഥാപനത്തിലേക്ക് എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ തുകയിൽ നിന്നും ഉദ്യോഗസ്ഥനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ അനധികൃത സാമ്പത്തിക ലാഭമോ ഡിവിഡന്റോ ലഭിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ലഡാക്ക് ഭരണകൂടം സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ലഡാക്ക് പഷ്മീന തുണിത്തരങ്ങൾക്ക് ഭൗമ സൂചിക (GI Tag) ലഭിക്കുന്നതിനുള്ള അപേക്ഷയിൽ വ്യവസായ വകുപ്പ് ഡയറക്ടറുടെ അനുമതിയുണ്ടെന്ന് വ്യാജമായി കാണിച്ചതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരമായ ആരോപണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നിലനിൽക്കുന്നതിനിടെ, ഉദ്യോഗസ്ഥനെ ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റിയ കേന്ദ്ര നടപടിക്കെതിരെ ഇതിനകം തന്നെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച ലൂംസ് ഓഫ് ലഡാക്ക് സംഘം, ഉദ്യോഗസ്ഥൻ സ്ഥാപനത്തിന് സൗജന്യ ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും എല്ലാ പ്രവർത്തനങ്ങളും നിയമവിധേയമായാണ് നടന്നതെന്നും അവകാശപ്പെട്ടു. നിലവിൽ ലേ ഡെപ്യൂട്ടി കമ്മീഷണർ റോമിൽ സിംഗ് ഡോങ്ക് കോഓപ്പറേറ്റീവ് ചെയർമാനായി ചുമതലയേറ്റെടുത്തിട്ടുണ്ട്.
















