​കവരത്തി: സ്വകാര്യ ഭൂമി കയ്യേറ്റശ്രമത്തിനെതിരെ പ്രതികരിച്ച മുൻ എൻ.വൈ.സി അധ്യക്ഷൻ സൈദ് ഹാമിദ് ചെറിയകോയയെ അറസ്റ്റ് ചെയ്യുന്നതിനെ എതിർക്കുകയും പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഭരണകൂടവും പോലീസും നടപടികൾ കൂടുതൽ കടുപ്പിക്കുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപം വെച്ച് ചെറിയകോയയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ പ്രതിരോധിച്ച് വൻ പ്രതിഷേധം തീർത്ത പ്രദേശവാസികൾക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ പോലീസ് എടുത്ത പുതിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ 15 പേരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം പത്തൊൻപതായി. നിലവിൽ അറസ്റ്റിലായ 15 പേരും കവരത്തി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.

​പുതിയതായി രജിസ്റ്റർ ചെയ്ത ഈ കേസിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.കെ സലീമിനെ ഒന്നാം പ്രതിയായും, സൈദ് ഹാമിദ് ചെറിയകോയയെ രണ്ടാം പ്രതിയായും, റസാഖിനെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. തുടർ പ്രതിഷേധങ്ങൾ ഒഴിവാക്കാനും ജനകീയ മുന്നേറ്റങ്ങളെ അടിച്ചമർത്താനുമാണ് തുടരെയുളള ഈ കേസ് എടുക്കലുകളും അറസ്റ്റുകളുമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.

​അതേസമയം, ഇന്നലെ അറസ്റ്റ് ചെയ്ത എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സർ ഖാൻ ഉൾപ്പെടെയുള്ള നാല് എൻ.സി.പി (എസ്.പി) പ്രവർത്തകരുടെ ജാമ്യാപേക്ഷ നാളെ കോടതിയുടെ പരിഗണനയ്ക്ക് വരും. ആന്ത്രോത്ത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (CJM) കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത്. അറസ്റ്റ് നടപടികൾ തുടരുന്ന സാഹചര്യത്തിൽ കവരത്തിയിൽ കനത്ത പോലീസ് സന്നാഹവും സംഘർഷഭരിതമായ അന്തരീക്ഷവുമാണ് നിലനിൽക്കുന്നത്. പാർട്ടി പ്രവർത്തകരും നാട്ടുകാരും പോലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here