കവരത്തി: സ്വകാര്യ ഭൂമിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കയറിയ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാത്രി വൈകിയും ഭരണകൂടവും പോലീസും നടപടികൾ കടുപ്പിക്കുന്നു. ജില്ലാ കളക്ടർ ശിവം ചന്ദ്രയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും ആരോപിച്ച് നാല് എ എൻ.സി.പി (എസ്.പി) പ്രവർത്തകരെക്കൂടി കവരത്തി പോലീസ് അറസ്റ്റ് ചെയ്തു. എൻ.വൈ.സി (NYC) സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സർ ഖാൻ, റഷീദ് കെ.പി, മുസ്തഫ പി, സലീം ഷാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ ഇതുവരെ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ 22 പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഭരണകൂടമെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്.

​മുൻ എൻ.വൈ.സി അധ്യക്ഷനും ‘സോഷ്യലിസ്റ്റ് ടോക്സ്’ എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയകോയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിൽ ജില്ലാ കളക്ടർ നേരിട്ടെത്തി പ്രവേശിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് വലിയ നാടകീയ രംഗങ്ങളും ജനകീയ പ്രതിഷേധങ്ങളും ഉയർന്നുവന്നത്. തുടർന്ന് ചെറിയകോയയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹം ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ നടപടിയെ പ്രതിരോധിച്ച പ്രവർത്തകർക്കെതിരെ തുടരെയുളള പോലീസ് നടപടികൾ ഉണ്ടാകുന്നത്

​സ്വകാര്യ ഭൂമിയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ ചെറുത്ത ജനങ്ങൾക്കും നേതാക്കൾക്കുമെതിരെ അടിക്കടിയുണ്ടാകുന്ന അറസ്റ്റുകൾ പ്രദേശത്ത് വൻ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് അഡ്മിനിസ്ട്രേഷന്റെ ശ്രമമെന്നും, ഏകപക്ഷീയമായ ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി പ്രാദേശിക നേതാക്കളും പാർട്ടികളും യോജിച്ച പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here