കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിക്കാനിരുന്ന സമാധാനപരമായ ബൈക്ക് റാലിക്കും സമര പരിപാടികൾക്കും ദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. മുംബൈയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ‘സേവ് ലക്ഷദ്വീപ് 2.0’ (SAVE LAKSHADWEEP 2.0) എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടും ഒക്ടോബർ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ബൈക്ക് റാലിക്കാണ് ആന്ത്രോത്ത് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ദ്വീപ് ഭരണകൂടത്തിന് പാർട്ടി പ്രസ്ഥാനത്തോടുള്ള ഭയമാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് സി.ജെ.പി. ഭാരവാഹികൾ ആരോപിച്ചു.

​ആന്ത്രോത്ത് ദ്വീപിൽ എം.എം. ബീച്ചിന് സമീപത്തുനിന്ന് ആരംഭിച്ച് ദ്വീപിന് ചുറ്റുമുള്ള പ്രധാന റോഡുകളിലൂടെ 200-ഓളം ആളുകളും 100-ലധികം ബൈക്കുകളും പങ്കെടുത്ത് നടത്താനിരുന്ന റാലിക്കാണ് സി.ജെ.പി. അനുമതി തേടിയിരുന്നത്. എന്നാൽ, പൊതുസമ്മേളനങ്ങൾക്കും കൂട്ടായ്മകൾക്കും ക്രമസമാധാന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലയിലാണ് നിർദ്ദിഷ്ട പാതയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അപേക്ഷ നിരസിച്ചത്. നിയുക്ത സ്ഥലമായ ‘മൂല ബീച്ചിൽ’ മാത്രമേ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുമതിയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

​എല്ലാവിധ വിഭാഗീയതകളും മറന്ന് ലക്ഷദ്വീപ് ജനത ഒന്നാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സി.ജെ.പി. ലക്ഷദ്വീപ് ഘടകം ബൈക്ക് റാലിയും മനുഷ്യച്ചങ്ങലയും ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തത്. സൗത്ത് സോൺ കോർഡിനേറ്റർ അംഗം മുഹമ്മദ് തുഫൈലിന്റെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷയിലാണ് നിലവിൽ പോലീസ് അന്തിമ തീരുമാനമറിയിച്ചിരിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കുള്ള അവകാശത്തെ തടയുന്ന ഭരണകൂട നിലപാടിനെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here