കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് പ്രഫുൽ പട്ടേലിനെ അടിയന്തരമായി മാറ്റണമെന്ന് ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രഫുൽ പട്ടേലിന് പകരം മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ തൽസ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. നിലവിലെ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കിയ ജനവിരുദ്ധ നടപടികൾ പൂർണ്ണമായും റദ്ദാക്കണമെന്നും, പഞ്ചായത്ത് റഗുലേഷൻ പുനഃസ്ഥാപിച്ച് ഉടനടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടാതെ, ലക്ഷദ്വീപിന് നിയമസഭയോടുകൂടിയ ജനാധിപത്യ ഭരണസംവിധാനം അനുവദിച്ചുനൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രസിഡന്റ് എ. മിസ്ബാഹ് പ്രസ്താവിച്ചു.

​സ്വന്തം ഭരണപരാജയം മറച്ചുവെക്കുന്നതിനായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ ബുൾഡോസർ രാജ് നടത്തുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. പരിസ്ഥിതിലോലമായ ലക്ഷദ്വീപിൽ വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുപോകുന്നത്. 2020-ൽ പ്രഫുൽ പട്ടേൽ ചുമതലയേറ്റ ശേഷം, കഴിഞ്ഞ 25 വർഷമായി ദ്വീപിൽ നിലനിന്നിരുന്ന പഞ്ചായത്ത് ജനാധിപത്യ സംവിധാനം റദ്ദാക്കുകയാണുണ്ടായത്.

​ഭരണപരിഷ്കാരങ്ങളുടെ പേരിൽ ധാരാളം കരാർ ജീവനക്കാരെയും തൊഴിലാളികളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നിലവിൽ 2300-ഓളം തസ്തികകൾ ഒഴിവുകിടന്നിട്ടും യാതൊരുവിധ പുതിയ നിയമനങ്ങളും നടത്തുന്നില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.പി. തങ്ങൾ കോയ, ടി. മുത്തു കോയ, എഫ്.ജി. അഹമ്മദ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here