കവരത്തി: ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിലായതോടെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയില്‍. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനാസ്ഥ മൂലമാണ് 2026-27 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ വൈകുന്നതെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രംഗത്തെത്തി. ദ്വീപിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ആരംഭിച്ച പുതിയ കോഴ്‌സുകള്‍ക്ക് സര്‍വകലാശാലയുടെ സ്ഥിരം അഫിലിയേഷന്‍ ലഭ്യമാക്കാത്തതാണ് പ്രവേശന നടപടികള്‍ നീണ്ടുപോകാന്‍ പ്രധാന കാരണം. നിലവില്‍ പ്രൊവിഷണല്‍ അഫിലിയേഷന്‍ മാത്രമുള്ള ഈ കോഴ്‌സുകള്‍ക്ക് കൃത്യസമയത്ത് സ്ഥിരം അഫിലിയേഷനായി അപേക്ഷ സമര്‍പ്പിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി സി.ജെ.പി കോഡിനേറ്റര്‍ അബൂസലി സി. എൻ ആരോപിച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

​ദേശീയ വിദ്യാഭ്യാസ നയം (NEP) അനുശാസിക്കുന്ന നിശ്ചിത എണ്ണം അധ്യാപകർ പ്രൊഫസര്‍ തസ്തികകള്‍ കോളേജുകളില്‍ ഉറപ്പാക്കാത്തതും അഫിലിയേഷന്‍ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. മുമ്പ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലായിരുന്ന കോളേജിന്റെ അഫിലിയേഷന്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലേക്ക് മാറ്റിയതിന് ശേഷമാണ് ഇത്തരത്തിലുള്ള ഭരണപരമായ പ്രതിസന്ധികള്‍ രൂക്ഷമായതെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പഴയ കോഴ്‌സുകള്‍ നിര്‍ത്തലാക്കുകയും പുതിയ കോഴ്‌സുകള്‍ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും അവയുടെ അഡ്മിഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അഡ്മിനിസ്‌ട്രേറ്ററോ വിദ്യാഭ്യാസ ഡയറക്ടറോ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

​മറ്റ് കോളേജുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി അധ്യയനം ആരംഭിക്കാറായിട്ടും ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം സാധ്യമാകാതെ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. അഡ്മിഷന്‍ ഇനിയും വൈകുന്നത് വിദ്യാര്‍ത്ഥികളുടെ ഒരു അധ്യയന വര്‍ഷം തന്നെ നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ത്തുന്നു. കൂടാതെ, കാലാവധി പൂര്‍ത്തിയായ അധ്യാപകരുടെ കരാര്‍ പുതുക്കാത്തതും, ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസവും ദ്വീപിലെ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here