
കവരത്തി: ലക്ഷദ്വീപ് ജനതയുടെ ആശങ്കകളെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം. ദ്വീപിന്റെ വികസനവും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഇത്തരം പൊതുപരിപാടികളിൽ ജനങ്ങളുടെ യഥാർത്ഥ ശബ്ദവും ജനാധിപത്യപരമായ പങ്കാളിത്തവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ, ലക്ഷദ്വീപിലെ ഏക ജനപ്രതിനിധിയായ എം.പി.യെയോ മറ്റ് രാഷ്ട്രീയ നേതൃത്വങ്ങളെയോ മുൻ പഞ്ചായത്ത് മെമ്പർമാരെയോ പോലും ക്ഷണിക്കാതെയും ഉൾപ്പെടുത്താതെയും നടത്തുന്ന പരിപാടികൾ ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് പ്രസിഡന്റ് അഡ്വ. കോയ അറഫ മിഅ്റാജ് വ്യക്തമാക്കി. കേവലം ആഘോഷ ചടങ്ങുകളും ഔദ്യോഗിക സ്വീകരണങ്ങളും സംഘടിപ്പിച്ചത് കൊണ്ട് മാത്രം ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറച്ചുവെക്കാനാകില്ല.
ഏകപക്ഷീയമായി നടപ്പിലാക്കുന്ന വികസന നയങ്ങൾക്ക് മുൻപ് ദ്വീപ് നിവാസികളുടെ ആശങ്കകൾ കേൾക്കാനും ജനപ്രതിനിധികളെ ചർച്ചകളിൽ പങ്കാളികളാക്കാനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വേണ്ടിയുള്ളതാകണം വികസനമെന്നും അത്തരം പങ്കാളിത്തമില്ലാതെ നടത്തുന്ന ഏതൊരു ഏകപക്ഷീയമായ നീക്കത്തെയും ശക്തമായി എതിർക്കുമെന്നും അഡ്വ. കോയ അറഫ മിഅ്റാജ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
















