
കവരത്തി: ലക്ഷദ്വീപിലേക്ക് ചരക്കുകൾ എത്തിക്കുന്ന സ്വകാര്യ കാർഗോ വെസ്സലുകളുടെയും (മഞ്ചു) ബോട്ടുകളുടെയും ഗതാഗതത്തിന് തുറമുഖ, ഷിപ്പിങ്, വ്യോമയാന വകുപ്പ് കർശന നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഏർപ്പെടുത്തി ഉത്തരവിറക്കി. ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും ദ്വീപുകളിലേക്ക് സർവീസ് നടത്തുന്ന യാനങ്ങളുടെയും അവയിൽ കൊണ്ടുപോകുന്ന ചരക്കുകളുടെയും കൃത്യമായ വിവരശേഖരണത്തിനുമായാണ് പുതിയ നടപടി.
നിലവിൽ കൊച്ചി, ബേപ്പൂർ, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്നാണ് ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യമായ അത്യന്താപേക്ഷിത സാധനങ്ങളും നിത്യോപയോഗ വസ്തുക്കളും എത്തിക്കുന്നത്. എന്നാൽ, സർവീസ് നടത്തുന്ന സ്വകാര്യ യാനങ്ങൾക്കും മഞ്ചുകൾക്കും പോർട്ട് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പ്രത്യേക അനുമതിയോ പെർമിറ്റോ ഇല്ലാത്തതിനാൽ യാനങ്ങളുടെ വിശദാംശങ്ങൾ, ക്ര്യൂ അംഗങ്ങൾ, കൊണ്ടുപോകുന്ന ചരക്കുകളുടെ വിവരങ്ങൾ എന്നിവ ലഭ്യമായിരുന്നില്ല. ഇത് സുരക്ഷാപരമായ ഭീഷണികൾക്കും നിരോധിത ഉൽപ്പന്നങ്ങൾ ദ്വീപിലേക്ക് കടത്തുന്നതിനും കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ ഐ.എ.എസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇനി മുതൽ ഒരു സ്വകാര്യ കാർഗോ വെസ്സലുകൾക്കും ലക്ഷദ്വീപിലേക്ക് സർവീസ് നടത്താൻ കഴിയില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് ഒരു ആഴ്ച മുമ്പ് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാൻ നിലവിൽ ബേപ്പൂർ, കൊച്ചി പോർട്ട് ഓഫീസുകളിൽ ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതുണ്ട്. 2026 നവംബർ 30-ഓടെ അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ ആക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെസ്സലിന്റെ രജിസ്ട്രേഷൻ വിവരം, ഉടമയുടെ പേര്, ക്രൂ അംഗങ്ങളുടെ വിവരങ്ങൾ, പുറപ്പെടുന്ന സ്ഥലവും തീയതിയും, കൊണ്ടുപോകുന്ന ചരക്കിന്റെ കൃത്യമായ അളവും വിവരങ്ങളും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. സമർപ്പിക്കുന്ന അപേക്ഷകളിൽ ഏഴ് ദിവസത്തിനകം വകുപ്പ് തീരുമാനമെടുക്കുമെന്നും അനുമതി വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുമെന്നും ഭരണകൂടം അറിയിച്ചു.
















