
കൽപ്പേനി: ലക്ഷദ്വീപിൽ 56J ചട്ടം മുൻനിർത്തി സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികൾക്കെതിരെയും, സ്വകാര്യ ഭൂമികളുടെ ഡൈവേർഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള ജനദ്രോഹ പരിഷ്കാരങ്ങൾക്കെതിരെയും കൽപ്പേനിയിൽ പ്രതിഷേധം. ദ്വീപുവാസികൾക്ക് യാത്രാക്ലേശം സൃഷ്ടിച്ചുകൊണ്ട് കപ്പൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത അതീവ ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും, ലക്ഷദ്വീപ് എം.പി ഹംദുള്ള ജനങ്ങളുടെ ഈ ശ്വാസംമുട്ടിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാതെ മൗനം പാലിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനവിരുദ്ധ നടപടികൾക്കും ജനപ്രതിനിധിയുടെ നിസ്സംഗതയ്ക്കുമെതിരെ എൻ.സി.പി (എസ്.പി), എൻ.വൈ.സി (NYC), എൻ.എം.സി (NMC) എന്നീ സംഘടനകൾ സംയുക്തമായി 2026 മേയ് 21 വ്യാഴാഴ്ച രാവിലെ 10:30 ന് കൽപ്പേനി ഡി.സി (DC) ഓഫീസിലേക്ക് വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം കൽപ്പേനി യൂണിറ്റ് പ്രസിഡന്റ് എം.കെ. ചെറിയകോയ നിർവ്വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ആസിഫ് ആസാദ് പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ അബ്ദുൽ ഗഫൂർ എ.കെ, റഷീദ് ഖാൻ എം എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ചു. തുടർന്ന് മുൻ വി.ഡി.പി (VDP) അംഗം അൻവർ സാദത്ത് സി.കെ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ദ്വീപ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.
















