
ആന്ത്രോത്ത്: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് മിനിക്കോയ് സ്വദേശിയായ ടൂർ ഓപ്പറേറ്റർ മുഹമ്മദ് അസീസിനെതിരെ കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലും (Crime No. 8/2026) ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒഫീഷ്യൽ ഐ.ആർ.സി.ടി.സി പോർട്ടൽ വഴി ടിക്കറ്റുകൾ ക്രമക്കേട് നടത്തിയെന്ന ഒന്നാം കേസിൽ (Crime No. 7/2026) ജാമ്യം ലഭിച്ച് പുറത്തിറങ്ങി 24 മണിക്കൂറിനകം കവരത്തി പോലീസ് അതീവ വേഗതയിൽ അസീസിനെ ഈ കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. വി. മനോജ്, അഡ്വ. ആദർശ് മനോജ് എന്നിവർ കോടതിയിൽ ഹാജരായി ശക്തമായ നിയമവാദങ്ങൾ ഉന്നയിച്ചു.

മെയിൻലാൻഡിലുള്ള ഒരു സ്ത്രീയുടെ പേരിൽ വ്യാജ ലോഗിൻ പ്രൊഫൈൽ നിർമ്മിച്ച് ഓൺലൈൻ വഴി കപ്പൽ ടിക്കറ്റുകൾ സംഘടിപ്പിച്ചു നൽകി വെസ്റ്റ് ഡൽഹി സ്വദേശിയായ പരാതിക്കാരനിൽ നിന്നും ഭാര്യയിൽ നിന്നും അധിക തുക വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതായിരുന്നു അസീസിനെതിരെയുള്ള പുതിയ കേസ്. എന്നാൽ, ഒരു ഇമെയിൽ സന്ദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമോ പരാതിക്കാരന്റെ ഒപ്പോ കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഏഴു വർഷത്തിൽ താഴെ മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റിന് മുൻപ് നോട്ടീസ് നൽകണമെന്ന ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 35(3) വ്യവസ്ഥകളും, ‘അർണേഷ് കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ബീഹാർ’ കേസ് ഉൾപ്പെടെയുള്ള സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിച്ചുകൊണ്ട് തിടുക്കപ്പെട്ടാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അഭിഭാഷകർ കോടതിയെ ബോധ്യപ്പെടുത്തി.

പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, കേസിനാസ്പദമായ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നേരത്തെ തന്നെ ക്രൈം നമ്പർ 7/2026 കേസിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്ത സാഹചര്യത്തിൽ പ്രതി തെളിവ് നശിപ്പിക്കുമെന്ന ഭയം അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു. പരാതിക്കാരൻ വെസ്റ്റ് ഡൽഹി സ്വദേശിയായതിനാൽ ദ്വീപിലുള്ള സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അടിയന്തര അറസ്റ്റ് നടപടികൾ പ്രതിയുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിക്കുകയും തുടർന്ന് 25,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ജാമ്യക്കാരിലും പ്രതിക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. അടുത്ത രണ്ട് മാസത്തേക്കോ അല്ലെങ്കിൽ അന്വേഷണം പൂർത്തിയാകുന്നതുവരെയോ കവരത്തി ദ്വീപ് വിട്ടുപോകരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് മെയ് 21-ലെ ഉത്തരവിലൂടെ കോടതി അസീസിനെ മോചിപ്പിച്ചത്.
















