
കവരത്തി: ലക്ഷദ്വീപ് ജനതയുടെ യാത്രകൾ ദുരിതത്തിലാഴ്ത്തുന്ന വിധം ദ്വീപിലെ കപ്പൽ ടിക്കറ്റ് വിതരണത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. നിലവിലുള്ള ഐ.ആർ.സി.ടി.സി (IRCTC) സൈറ്റിലൂടെയും, നേരത്തെ നിർത്തലാക്കിയ പഴയ വെബ്സ്റ്റാർ (Webstar) സൈറ്റിലൂടെയും ഒരേസമയം അനധികൃതമായി ടിക്കറ്റുകൾ ബുക്ക് ചെയ്ത് ചിലർ ചൂഷണം നടത്തുന്നു എന്നാണ് പ്രധാന ആക്ഷേപം. പോർട്ട് അധികാരികളുടെ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെയും അറിവോടെയുമാണ് ഈ അനധികൃത ടിക്കറ്റ് ബുക്കിംഗ് നടക്കുന്നതെന്ന ശക്തമായ സംശയവും പൊതുജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നും പോർട്ട് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെയും അനധികൃതമായി ടിക്കറ്റ് എടുക്കുന്ന ഇടനിലക്കാരെയും ഉൾപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്നും പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ന് (19/05/2026) നേതാക്കൾ സ്ഥലത്തെ പോലീസ് മേധാവിയെ നേരിൽ കണ്ട് വിശദമായ പരാതി സമർപ്പിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദ്വീപുവാസികളുടെ യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
















