
ആന്ത്രോത്ത്: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ക്രമക്കേട് കേസിൽ അന്വേഷണസംഘത്തിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് ആറാം പ്രതിയായ നാസിം എം. മണിക്ഫാനും കോടതി ജാമ്യം അനുവദിച്ചു. കവരത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 7/2026 കേസിൽ ഉൾപ്പെട്ട നാസിമിന് ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കോടതി ഉത്തരവിനെത്തുടർന്ന് ഇന്ന് (മേയ് 19) പ്രതി ജയിലിൽ നിന്നും മോചിതനായി. പ്രതിഭാഗത്തിന് വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കോയ അറഫ മിറാജ്, അഡ്വ. സബീഹ് അമാൻ, മുഖ്ത്യാർ അസ്താർ ഖാൻ എന്നിവർ കോടതിയിൽ ഹാജരായി ശക്തമായ വാദങ്ങൾ നിരത്തി.

ഔദ്യോഗിക ഐ.ആർ.സി.ടി.സി (IRCTC) പോർട്ടൽ വഴി സോഫ്റ്റ്വെയർ ടൂളുകളും ബോട്ടുകളും ഉപയോഗിച്ച് കപ്പൽ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ മറിച്ചുവിറ്റു എന്നാരോപിച്ച് കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത അതേ എഫ്.ഐ.ആറിലാണ് നാസിം മണിക്ഫാനും അറസ്റ്റിലായിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെയും കുറ്റം ചുമത്തിയിരുന്നത്. എന്നാൽ നേരത്തെ രണ്ടും മൂന്നും അഞ്ചും പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ, അറസ്റ്റ് നടപടികളിലെ പോലീസിന്റെ നിയമപരമായ വീഴ്ചകളും സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങളും ചൂണ്ടിക്കാണിച്ച പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി വീണ്ടും അംഗീകരിക്കുകയായിരുന്നു. ആന്ത്രോത്ത് ദ്വീപ് സ്വദേശി ഒന്നാം പ്രതി ഫരീദുദ്ദീന് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.

നേരത്തെ ഈ കേസിൽ കോടതി വാദം കേട്ടപ്പോൾ, പ്രതികൾ ജയിലിൽ ആയിരുന്ന സമയത്തും ദ്വീപിൽ ടിക്കറ്റുകൾ മിനിറ്റുകൾക്കകം തീർന്നുപോകുന്ന പ്രതിഭാസം തുടരുന്നതായി പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. ടിക്കറ്റ് ലഭ്യതക്കുറവിനും യാത്രക്കാരുടെ ദുരിതത്തിനും കാരണം ഐ.ആർ.സി.ടി.സി പോർട്ടലിലെ പോരായ്മകളോ പ്രതികളുടെ കൃത്രിമത്വമോ അല്ലെന്നും, മറിച്ച് ഭൂരിഭാഗം ടിക്കറ്റുകളും ബ്ലോക്ക് ചെയ്തുവെക്കുന്ന ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ പരാജയമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ആവശ്യത്തിന് കപ്പലുകളില്ലാത്ത ഭരണപരമായ വീഴ്ച മറച്ചുവെക്കാനാണ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നതെന്ന വാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ കേസിലെ മറ്റൊരു പ്രധാന പ്രതിക്ക് കൂടി കോടതിയിൽ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുന്നത്.
















