കവരത്തി: ​ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ മലയാളി കുടുംബത്തിന് വ്യാജ കപ്പൽ ടിക്കറ്റ് നൽകി സാമ്പത്തിക നഷ്ടവും മാനഹാനിയും വരുത്തി എന്ന കേസിൽ മിനിക്കോയ് സ്വദേശിയായ ടൂർ ഓപ്പറേറ്റർ മുഹമ്മദ് അസീസിനെ കവരത്തി പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി കപ്പൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ ജാമ്യത്തിലിറങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപാണ് പ്രതി വീണ്ടും സമാനമായ മറ്റൊരു കേസിൽ പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലക്ഷദ്വീപിൽ വിനോദയാത്രയ്‌ക്കെത്തിയ വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Advertisement

​ലക്ഷദ്വീപ് നിവാസികൾക്ക് മാത്രം ലഭ്യമാകുന്ന ‘നേറ്റീവ് ഐലൻഡർ’ (Native Islander) കാറ്റഗറി ദുരുപയോഗം ചെയ്താണ് പ്രതി വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് എടുത്തു നൽകിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മറ്റ് വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ അവരുടെ അനുവാദമില്ലാതെ വ്യാജമായി ഉപയോഗിച്ചാണ് പ്രതി ടിക്കറ്റുകൾ സംഘടിപ്പിച്ചത്. വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന പാക്കേജ് തുക ഈടാക്കിയ ശേഷം, ലക്ഷദ്വീപ് സ്വദേശികൾക്കുള്ള സബ്‌സിഡി നിരക്കിലുള്ള ടിക്കറ്റുകൾ നൽകി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും പ്രതി അനധികൃത ലാഭമുണ്ടാക്കുകയും ചെയ്തു.

Advertisement

​തങ്ങൾക്ക് നേരിട്ട കടുത്ത മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും പുറമെ, മറ്റുള്ളവരുടെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത ടൂർ ഓപ്പറേറ്റർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കവരത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം വ്യാജ ടൂർ ഏജൻസികൾക്കെതിരെയും ടൂർ ഓപ്പറേറ്റർമാർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here