
കവരത്തി: ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം കവരത്തിയിൽ വെച്ച് ഉജ്ജ്വലമായി നടന്നു. കായിക മേഖലയിലെ പ്രമുഖരും ഭരണാധികാരികളും പങ്കെടുത്ത ചടങ്ങിൽ ദ്വീപിലെ അത്‌ലറ്റുകളുടെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കായിക-യുവജന കാര്യ വകുപ്പ് ഡയറക്ടർ പദ്മാകർ റാം ത്രിപാഠി (ഡാനിക്സ്) മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദ്വീപിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റയും അവർക്ക് കൃത്യമായ ദിശാബോധം നൽകേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് അത്‌ലറ്റുകൾക്കായുള്ള പുതിയ കായിക കിറ്റും അസോസിയേഷന്റെ ഔദ്യോഗിക പതാകയും അദ്ദേഹം പ്രകാശനം ചെയ്തു.

സീനിയർ വൈസ് പ്രസിഡന്റ് തങ്ങൾ കോയ സ്വാഗതം ആശംസിച്ച യോഗത്തിൽ, അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറിയും അത്‌ലറ്റിക്സ് പരിശീലകനുമായ അഹമ്മദ് ജവാദ് ഹസൻ മുഖ്യപ്രഭാഷണം നടത്തി. ലക്ഷദ്വീപിലെ കായിക മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ‘വിഷൻ 2036 ലക്ഷദ്വീപ് ടു ഒളിമ്പിക്സ്’ (Vision 2036 Lakshadweep to Olympics) എന്ന ദീർഘകാല പദ്ധതി അദ്ദേഹം യോഗത്തിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന ഒളിമ്പിക്സുകളിൽ ലക്ഷദ്വീപിൽ നിന്നുള്ള കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പദ്ധതി, ദ്വീപിലെ കായിക പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി. നസീർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി മുസ്‌നാദ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചകൾക്കും അജണ്ട അവതരണത്തിനും അഹമ്മദ് ജവാദ് ഹസൻ നേതൃത്വം നൽകി. വരാനിരിക്കുന്ന പരിശീലന പരിപാടികൾ, അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾ, കായിക നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ദ്വീപിന്റെ കായിക ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനും ഒളിമ്പിക് സ്വപ്നങ്ങളിലേക്ക് അത്‌ലറ്റുകളെ നയിക്കാനും ലക്ഷ്യമിട്ടാണ് ഈ വർഷത്തെ പൊതുയോഗം സമാപിച്ചത്.
















