
ബഹ്റൈൻ: ലക്ഷദ്വീപിന്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കവരത്തി സ്വദേശിയായ ഡോ. സജീദ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ബഹ്‌റൈനിൽ വെച്ചു നടന്ന ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) കോച്ചസ് കോഴ്സ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയ ഡോ. സജീദ്, ഈ അന്താരാഷ്ട്ര പദവി കരസ്ഥമാക്കുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വ്യക്തിയായി മാറി.

ദീർഘകാലമായി ബാഡ്മിന്റൺ പരിശീലന രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും കായിക പ്രണയത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഡോ. സജീദിന്റെ ഈ നേട്ടം ലക്ഷദ്വീപിലെ വളർന്നുവരുന്ന കായിക പ്രതിഭകൾക്കും ബാഡ്മിന്റൺ താരങ്ങൾക്കും വലിയ ആവേശവും പ്രചോദനവുമാകും. വരും തലമുറയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഏറെ സഹായകരമാകുമെന്നാണ് കായിക ലോകം വിലയിരുത്തുന്നത്. ദ്വീപിന്റെ അഭിമാനമായി മാറിയ ഡോ. സജീദിനെ കായിക പ്രേമികളും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
















