
കവരത്തി: ഗ്രാമീണ ജനതയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള നീക്കവും, ഫണ്ട് വെട്ടിക്കുറച്ച് സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുന്ന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയ്ക്കുമെതിരെയായിരുന്നു പ്രതിഷേധം.

കോൺഗ്രസ് വിഭാവനം ചെയ്ത ചരിത്രപരമായ ഈ പദ്ധതിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. പാവപ്പെട്ടവന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
















