കിൽത്താൻ: ലക്ഷദ്വീപിലെ കായികലോകം ആകാംക്ഷയോടെ കാത്തിരുന്ന 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) കിൽത്താനിൽ വിജയകരമായി സമാപിച്ചു. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ കായികമേളയിൽ, ഇത്തവണയും ആന്ത്രോത്ത് ദ്വീപ് തങ്ങളുടെ കിരീടം നിലനിർത്തി ഓവറോൾ ചാമ്പ്യൻ പട്ടം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ അമിനിക്ക് രണ്ടാം സ്ഥാനവും, അഗത്തിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

കായികമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദ്, വിവിധ മത്സര ഇനങ്ങളിൽ വ്യക്തിഗതമായും ഗ്രൂപ്പ് തലത്തിലും മികവ് തെളിയിച്ച താരങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നൂതനമായ സംഘാടകരീതികൾകൊണ്ട് കിൽത്താൻ LSG ഈ വർഷം ശ്രദ്ധേയമായി. സമൂഹമാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ച്, മത്സരഫലങ്ങളും അപ്‌ഡേറ്റുകളും ആകർഷകമായി അവതരിപ്പിച്ച സംഘാടകരുടെ ശ്രമം കായികപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടി. എടുത്തുപറയേണ്ട മറ്റൊരു നേട്ടം, LSG ചരിത്രത്തിൽ ആദ്യമായി രാത്രിയിൽ നീന്തൽ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചു എന്നതാണ്; പ്രകാശ സംവിധാനങ്ങളോടെ ബില്ലത്തിൽ നടന്ന ഈയിനം കാണികൾക്ക് വിസ്മയകരമായ അനുഭവമായി. ഈ വർഷത്തെ കായിക മാമാങ്കത്തിൽ നിരവധി പുതിയ റെക്കോർഡുകളും പിറന്നു. അധ്യാപകർ, വോളണ്ടിയർമാർ, ടെക്‌നിക്കൽ ടീമുകൾ എന്നിവർ നൽകിയ മികച്ച പിന്തുണയാണ് കിൽത്താനിലെ ഗെയിംസ് ചരിത്രനേട്ടമാക്കിയത്. കിൽത്താൻ ദ്വീപ് സ്ഥാപിച്ച ഈ ഉയർന്ന നിലവാരം, അടുത്ത വർഷം ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ദ്വീപിന് മുന്നിൽ ഒരു വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് കായിക നിരീക്ഷകരുടെ അഭിപ്രായം

LEAVE A REPLY

Please enter your comment!
Please enter your name here