
കവരത്തി: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കവരത്തി ജില്ലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ സംയുക്തമായി ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ‘സ്വച്ഛ് ഭാരത്, സ്വച്ഛ് സാഗർ അഭിയാൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കവരത്തിയിലെ ഗാന്ധി സ്‌ക്വയർ ബീച്ചിൽ നടന്ന ശുചീകരണ പരിപാടികൾ കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ ശിവ് ശങ്കർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ നേവി, സി.ആർ.പി.എഫ്, ഐ.ആർ.ബി.എൻ, പരിസ്ഥിതി-വനം വകുപ്പ്, ഫിഷറീസ്, ആകാശവാണി, ദൂരദർശൻ, എൻ.സി.സി, കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിലെ പ്രതിനിധികളും വിദ്യാർത്ഥികളും പ്രദേശവാസികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
അന്ത്രോത്ത് ദ്വീപിലെ മൂല ബീച്ചിലും മിനിക്കോയ് ദ്വീപിലെ കോഡി ബീച്ചിലും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ നടന്നു. 2006 മുതൽ രാജ്യത്തിന്റെ തീരദേശ സംരക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് എല്ലാ വർഷവും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
