
കവരത്തി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വിപുലമായി ആഘോഷിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ കവരത്തിയിലെ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന പ്രധാന ചടങ്ങിൽ, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്.ബി. ദീപക് കുമാർ (ഐ.എ.എസ്) ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു.
Video: IPR Lakshadweep
സി.ആർ.പി.എഫ്., ലക്ഷദ്വീപ് പോലീസ്, ഇന്ത്യ റിസർവ് ബെറ്റാലിയൻ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്, കേന്ദ്രീയ വിദ്യാലയം എന്നിവയുൾപ്പെടെ 15-ഓളം പ്ലാറ്റൂണുകൾ അണിനിരന്ന മാർച്ച് പാസ്റ്റ് ചടങ്ങിന് ഗാംഭീര്യം പകർന്നു. തുടർന്ന് ഡോ. ദീപക് കുമാർ വിവിധ വകുപ്പുതല അവാർഡുകൾ വിതരണം ചെയ്തു.
അന്ത്രോത്ത് ദ്വീപിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗൗരവ് സിംഗ് രജാവത്ത് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. ഈ വർഷത്തെ ചടങ്ങിൽ ഒരു പ്രത്യേക നിമിഷം ശ്രദ്ധേയമായി. സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച അന്ത്രോത്ത് സ്വദേശിയായ ജവാൻ പി.കെ. സൈനുദ്ദീനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ പിതാവ് എ. മുഹമ്മദ്, സെക്രട്ടറിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
കൂടാതെ, മുതിർന്ന പൗരന്മാരെ ആദരിക്കുകയും, കർഷകർക്ക് ചെടികളും വിത്തുകളും വിതരണം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദ്വീപുകളിലാകമാനം നടന്ന ആഘോഷ പരിപാടികൾ രാജ്യസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതുന്നതായി.
