കൊച്ചി: ലക്ഷദ്വീപ് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്, 2002 പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസും തുടർനടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ മുഹമ്മദ് ഫൈസലിനെതിരായ എല്ലാ നടപടികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു.

കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഹമ്മദ് ഫൈസൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതിയുടെ നടപടി. മുഹമ്മദ് ഫൈസലിനെതിരായ ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ അന്വേഷണം സി.ബി.ഐ അവസാനിപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മുഹമ്മദ് ഫൈസലിന്റെ കുടുംബസ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച എക്‌സിബിറ്റ് പി1, പി2 അഡ്ജുഡിക്കേഷൻ ഉത്തരവുകൾ റദ്ദാക്കണമെന്നും തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന്, എക്‌സിബിറ്റ് പി1, പി2 എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുഴുവൻ നടപടികളും ഹൈക്കോടതി റദ്ദാക്കി.

കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് v. ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് [2024 (4) KLT 547] കേസിലെ വിധിന്യായവും കോടതി പരിഗണിച്ചു.

റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത് ജൂലൈ 30-നാണ്. അന്ന് തന്നെ വാദം കേൾക്കുകയും വിധി പറയുകയും ചെയ്തിരുന്നു. തുടർന്നാണ് എൻഫോഴ്‌സമെന്റ് ഡിറക്ടറേറ്റ് ഫൈസലിനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here