
കവരത്തി: കവരത്തിയുടെ ചരിത്രത്തിലും ആത്മീയ മേഖലയിലും നിർണായക സ്വാധീനം ചെലുത്തിയ അൻപതോളം മഹാത്മാക്കളുടെ ജീവചരിത്രം അടയാളപ്പെടുത്തുന്ന “കവരത്തിയിലെ മഹാരഥന്മാർ” എന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനം കവരത്തിയിൽ നടന്നു. കവരത്തി ജുമുഅ മസ്ജിദ് ഖത്വീബ് എം.ഐ. മുഹമ്മദ് ഹുസൈൻ സഖാഫി കവരത്തി രചിച്ച ഈ പുസ്തകത്തിന്റെ പ്രകാശനം കവരത്തി പുതിയടം ജാമിഅ ഖാസിമിയ്യയിൽ വെച്ച് നടന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി 306-ാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ചുള്ള ആത്മീയ സമ്മേളനത്തിൽ വെച്ചാണ് നടന്നത്.
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ കവർ പ്രകാശനം നിർവഹിച്ചു. കവരത്തി ദ്വീപിൽ അന്ത്യവിശ്രമം കൊള്ളുന്നവരും കവരത്തിയിൽ ജനിച്ച് മറ്റ് പ്രദേശങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ഔലിയാക്കൾ, സയ്യിദന്മാർ, ഉലമാക്കൾ എന്നിവരിലെ പ്രമുഖരെയാണ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം കവരത്തിയുടെ സാംസ്കാരികവും മതപരവുമായ പൈതൃകത്തെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു പ്രധാന രേഖയായിരിക്കുമെന്ന് പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
